Tuesday, September 21, 2010

മാതാ അമൃതാനന്ദമയി ജന്മദിനാഘോഷം 27ന്‌
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 57-- മത്    ജന്മദിനാഘോഷങ്ങള്‍ക്ക്‌ അമൃതപുരി ഒരുങ്ങി. മാതാ അമൃതാനന്ദമയീ മഠം നേതൃത്വം നല്‍കുന്ന പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്ന ദിവസം കൂടിയാണിത്‌.

അമൃതവിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസിലാണ്‌ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്‌. 27ന്‌ രാവിലെ അഞ്ചിന്‌ സഹസ്രനാമാര്‍ച്ചനയോടെ പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. ഒന്‍പതിനു സന്യാസിശിഷ്യന്മാരുടെ നേതൃത്വത്തില്‍ അമ്മയുടെ പാദപൂജ. തുടര്‍ന്ന്‌ അനുഗ്രഹപ്രഭാഷണം.


11ന്‌ ആരംഭിക്കുന്ന പിറന്നാള്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരും രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്‍മാരും പങ്കെടുക്കും. ഭാരതീയ ആദ്ധ്യാത്മിക വൈദിക സാഹിത്യത്തില്‍ ഉത്തമ സംഭാവനകള്‍ നല്‍കിയ വ്യക്‌തിയെ അമൃതകീര്‍ത്തി പുരസ്‌കാരം നല്‍കി ആദരിക്കും. മഠത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സ്വാശ്രയ സംഘങ്ങള്‍ക്കുവേണ്ടി ആരംഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ തുടക്കം, മഠം നല്‍കുന്ന അമൃതനിധി പെന്‍ഷന്‍ പദ്ധതിയുടെ പുത്തന്‍ ഗുണഭോക്‌താക്കള്‍ക്ക്‌ പെന്‍ഷന്‍ വിതരണം, 25,000 സാധുക്കള്‍ക്ക്‌ വസ്‌ത്രദാനം, 'വിദ്യാമൃതം' വിദ്യാഭ്യാസ സഹായനിധിയിലെ ഗുണഭോക്‌താക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം, പുസ്‌തക പ്രകാശനം, സമൂഹ വിവാഹം, മലയാളം ഉള്‍പ്പെടെ ഒന്‍പത്‌ ഭാരതീയ ഭാഷകളിലുള്ള മാതാ അമൃതാനന്ദമയീ മഠത്തിന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം തുടങ്ങിയവയും നടക്കും. ഏകദേശം മൂന്നുലക്ഷം പേര്‍ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ്‌ കണക്കാക്കുന്നത്‌.

No comments:

Post a Comment