വ്യവസായികള്‍ക്കു സൗജന്യം; ജനത്തിന് 400 കോടി ബാധ്യത |
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി കണക്ഷനു വന്‍തോതില്‍ സൗജന്യം നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. ഇതു മൂലമുണ്ടാകുന്ന ഭാരിച്ച ബാധ്യത ഗാര്‍ഹിക, ചെറുകിട ഉപയോക്‌താക്കളുടെ ചുമലില്‍. വ്യവസായികള്‍ക്കു കണക്ഷന്‍ നല്‍കുന്നതിനു ചില സൗജന്യങ്ങള്‍ ചെയ്‌തുകൊടുക്കണമെന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ശിരസാവഹിച്ച് 400 കോടിയുടെ ബാധ്യതയാണ് ലോ ടെന്‍ഷന്‍, ഗാര്‍ഹിക ഉപയോക്‌താക്കളുടെ മേല്‍ ബോര്‍ഡ് അടിച്ചേല്‍പ്പിക്കുന്നത്. വ്യവസായികള്‍ വൈദ്യുതി കണക്ഷനെടുക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡിനു നല്‍കേണ്ട സര്‍വീസ് ചാര്‍ജ് നിശ്‌ചയിക്കുന്ന രീതിക്കു മാറ്റം വരുത്താനാണു റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്. 2005 മുതല്‍ വാങ്ങിയ നിരക്ക് പുതിയ രീതിയില്‍ കണക്കാക്കാനും അധികമായി ഈടാക്കിയ പണം വ്യവസായികള്‍ക്കു തിരിച്ചു നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. 2800 വ്യവസായികള്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നതിന്റെ ബാധ്യത മറ്റ് 98 ലക്ഷം ഉപയോക്‌താക്കളുടെ തലയിലാകും. രാജ്യത്താകെ ഏകീകൃതരീതിയിലാണു സര്‍വീസ് ചാര്‍ജ് കണക്കാക്കുന്നത്. ഇതിന് ഏതെങ്കിലും ഒരു സംസ്‌ഥാനത്തു മാറ്റം വരുത്തുന്നത് ആദ്യമായാണ്. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്‌താക്കള്‍ പുതുതായി വൈദ്യുതി കണക്ഷനെടുക്കുമ്പോള്‍ സര്‍വീസ് കണക്ഷന്‍ ചാര്‍ജ് എന്ന പേരില്‍ ബോര്‍ഡിനു പണമടയ്‌ക്കണം. കണക്ഷന്‍ വേണ്ട സ്‌ഥലത്തേക്കു ലൈന്‍ വലിക്കുന്നതിനും ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള ചാര്‍ജാണ് ഇത്. പുതിയ കണക്ഷനു വേണ്ടിയുള്ള അപേക്ഷയും സര്‍വീസ് ചാര്‍ജും അടയ്‌ക്കുമ്പോള്‍ത്തന്നെ വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ ബോര്‍ഡ് തുടങ്ങിയിരിക്കണമെന്നാണു വൈദ്യുതി നിയമത്തിന്റെ ചട്ടം. ലൈന്‍ വലിച്ച് ആവശ്യമായ വൈദ്യുതിക്കുള്ള ട്രാന്‍സ്‌ഫോര്‍മറും സ്‌ഥാപിച്ച് ഉപയോക്‌താവിനു കണക്ഷന്‍ നല്‍കാനുള്ള ഔട്ട്‌പുട്ട് പോയിന്റും നല്‍കണം. ഓരോ കിലോവാട്ട് വൈദ്യുതി നല്‍കുന്നതിനുള്ള തുക കണക്കാക്കിയാണു സര്‍വീസ് ചാര്‍ജ് നിശ്‌ചയിക്കുന്നത്. ഈ രീതിയിലാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും അക്കൗണ്ട് വിഭാഗവും കണക്കുകള്‍ പരിശോധിക്കുന്നത്. എന്നാല്‍ സെപ്‌റ്റംബര്‍ 18ന് റെഗുലേറ്ററി കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഏതെങ്കിലും വ്യവസായിക്കു പുതിയ കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ ബോര്‍ഡ് സ്വന്തം ചെലവില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. ലൈന്‍ വലിക്കുന്നതും ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിക്കുന്നതും ബോര്‍ഡിന്റെ ചെലവിലായിരിക്കണം. ഇതിനു ചെലവായ അത്രയും തുക മാത്രമേ വ്യവസായികളില്‍നിന്ന് ഈടാക്കാവൂ. ഒരു കിലോവാട്ട് വൈദ്യുതി നല്‍കുന്നതിന് നിശ്‌ചിത തുക എന്ന മാനദണ്ഡം മാറ്റി ലൈന്‍ വലിച്ചതിന്റെ ദൂരം, ട്രാന്‍സ്‌ഫോര്‍മറിന്റെ വില തുടങ്ങിയവ കണക്കാക്കി സര്‍വീസ് ചാര്‍ജ് നിശ്‌ചയിക്കണമെന്നാണു കമ്മിഷന്റെ ഉത്തരവ്. 2005 മുതല്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ വാങ്ങിയ തുക പുതിയ രീതിയില്‍ കണക്കാക്കണമെന്നും അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഇല്ലെങ്കില്‍ 146-ാം വകുപ്പ് പ്രകാരം ബോര്‍ഡ് ചെയര്‍മാനു മൂന്നു മാസം തടവുശിക്ഷ നല്‍കുമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഇത് അപ്രായോഗികമാണെന്നാണു ബോര്‍ഡിന്റെ നിലപാട്. ബോര്‍ഡ് എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതിനു ശേഷം സര്‍വീസ് ചാര്‍ജിന്റെ ബില്ല് നല്‍കിയാല്‍ വ്യവസായി പണം അടയ്‌ക്കുമെന്ന് ഉറപ്പില്ല. സംരംഭകന്‍ ഏതെങ്കിലും കാരണത്താല്‍ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നപക്ഷം കണക്ഷന്‍ നല്‍കാന്‍ അതുവരെ ചെലവായ തുക ബോര്‍ഡ് ഉദ്യോഗസ്‌ഥര്‍ അടയ്‌ക്കേണ്ടി വരും. നിലവിലുള്ള നടപടിക്രമം മാറ്റി പുതിയ രീതിയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു സി.എ.ജി. അംഗീകരിക്കില്ലെന്നും ബോര്‍ഡ് പറയുന്നു. അഞ്ചു വര്‍ഷത്തെ സര്‍വീസ് ചാര്‍ജ് പുനഃപരിശോധിക്കുന്നപക്ഷം ഓരോ വര്‍ഷവും 75 കോടിക്കു മേല്‍ നഷ്‌ടമാകും ബോര്‍ഡിനുണ്ടാകുക. സര്‍വീസ് ചാര്‍ജ് കൂടി കണക്കാക്കിയാണു ബോര്‍ഡ് ഓരോ വര്‍ഷത്തേയും വരവിന്റെ കണക്കു തയാറാക്കുന്നത്. അഞ്ചു വര്‍ഷത്തെ നഷ്‌ടക്കണക്കില്‍ 400 കോടി രൂപ കൂടിയാകുന്നതോടെ ഇതുകൂടി ചെലവിനത്തില്‍ ഉള്‍പ്പെടുത്തിയാകും ബോര്‍ഡ് പുതിയ താരിഫ് പെറ്റീഷന്‍ നല്‍കുക. വ്യവസായികള്‍ക്കു സൗജന്യം നല്‍കുന്ന ഇനത്തില്‍ ബോര്‍ഡിനുണ്ടാകുന്ന 400 കോടിയുടെ ബാധ്യത സാധാരണക്കാരില്‍നിന്നു നിരക്ക് വര്‍ധനയായി തിരിച്ചുപിടിക്കേണ്ടിവരും. --വി.എ. ഗിരീഷ് (mangalam) |
Sunday, September 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment