Sunday, September 26, 2010

അഴിമതി ഇന്ത്യയുടെ ശാപം

പ്രതിരോധ റിക്രൂട്ട്‌മെന്റ്‌: ചോദ്യക്കടലാസ്‌ ചോര്‍ത്തിയ സംഘം CBIയുടെ പിടിയില്‍ ‍
മുംബൈ: നാവികസേനയിലേക്കുള്ള എല്‍.ഡി. ക്ലര്‍ക്ക്‌ നിയമന പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോര്‍ത്തിയ നാലംഗസംഘം സി.ബി.ഐയുടെ പിടിയിലായി.

നാവികസേനയിലെ രണ്ട്‌ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍മാര്‍ അടക്കമുള്ള സംഘത്തെ പിടികൂടിയതിലൂടെ നിയമനത്തട്ടിപ്പു നടത്തിവന്ന ദേശീയ റാക്കറ്റിനെയാണു പൊളിച്ചതെന്നു സി.ബി.ഐ. പറഞ്ഞു.

ചോദ്യക്കടലാസ്‌ ചോര്‍ന്നെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ നാവികസേനയുടെ വെസ്‌റ്റേണ്‍ കമാന്‍ഡ്‌ ആസ്‌ഥാനത്തെ 175 എല്‍.ഡി. ക്ലര്‍ക്ക്‌ ഒഴിവുകളിലേക്ക്‌ ഇന്നലെ മുംബൈയില്‍ നടത്തിയ പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്തുന്നതിനുള്ള തീയതി വൈകാതെ പ്രഖ്യാപിക്കും. നാവികസേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡിലെ എല്‍.ഡി. ക്ലര്‍ക്ക്‌ ഒഴിവുകളിലേക്കു കഴിഞ്ഞ മാസം നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസും ചോര്‍ത്തി നല്‍കിയിരുന്നെന്നു പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയതായി സി.ബി.ഐ. ജോയിന്റ്‌ ഡയറക്‌ടര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. യഥാക്രമം നാവികസേനയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ കമാന്‍ഡുകളിലെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍മാരായ ആര്‍.സി. നായിക്‌, ഡി.എസ്‌. മൂര്‍ത്തി എന്നിവരും ആന്‌ധ്രയിലെ വിശാഖപട്ടണത്ത്‌ മാനസ എന്ന ഡിഫന്‍സ്‌ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിയുടെ ഉടമയുമായ രണ്‍ബീര്‍ സിംഗ്‌ റാവത്‌, ഹരിയാനയിലെ അധ്യാപകനായ ഹോഷിയാര്‍ സിംഗ്‌ എന്നിവരുമാണു പിടിയിലായത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. രാജ്യത്തു വിവിധ സ്‌ഥലങ്ങളിലായി റാവത്‌ പതിനഞ്ചിലേറെ പ്ലേസ്‌മെന്റ്‌ ഏജന്‍സികള്‍ നടത്തുന്നുണ്ട്‌.

പെന്‍ഡ്രൈവ്‌ ഉപയോഗിച്ച്‌ ചോദ്യക്കടലാസ്‌ ചോര്‍ത്തിയ നായിക്‌ അതു മൂര്‍ത്തിക്കു കൈമാറുകയായിരുന്നു. മൂര്‍ത്തി അതിന്റെ പകര്‍പ്പെടുത്ത്‌ നാവികസേനയിലെ മുന്‍ ഉദ്യോഗസ്‌ഥന്‍ കൂടിയായ റാവത്തിനു നല്‍കി. നൂറ്റമ്പതോളം ഉദ്യോഗാര്‍ഥികളെ മുംബൈ ക്രോഫോഡ്‌ മാര്‍ക്കറ്റിലെ യുണൈറ്റഡ്‌ ലോഡ്‌ജില്‍ വിളിച്ചുവരുത്തി.

ഹോഷിയാര്‍ സിംഗാണ്‌ ഇവര്‍ക്ക്‌ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തത്‌. പ്രതികള്‍ തങ്ങിയിരുന്ന ലോഡ്‌ജില്‍ നടത്തിയ റെയ്‌ഡില്‍ ചോദ്യക്കടലാസിന്റെ പകര്‍പ്പുകളും 1.85 ലക്ഷം രൂപയും കണ്ടെടുത്തു. ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും 15,000 മുതല്‍ 50,000 രൂപ വരെയാണ്‌ ഈടാക്കിയത്‌. വെസ്‌റ്റേണ്‍ കമാന്‍ഡിലെ 175 ഒഴിവുകളിലേക്ക്‌ 35,000 പേരാണ്‌ ഇന്നലെ പരീക്ഷയെഴുതിയത്‌. കിഴക്കന്‍ കമാന്‍ഡിലെ 400 ഒഴിവുകളിലേക്ക്‌ 45,000 പേരാണ്‌ കഴിഞ്ഞ മാസം പരീക്ഷ എഴുതിയത്‌. ചോദ്യക്കടലാസ്‌ ചോര്‍ന്നെന്ന്‌ അറിഞ്ഞെങ്കിലും ഉദ്യോഗാര്‍ഥികള്‍ എത്തിയതു കണക്കിലെടുത്താണ്‌ ഇന്നലെ പരീക്ഷ നടത്തിയതെന്നു നാവികസേനാ വക്‌താവ്‌ അറിയിച്ചു. പുനെയില്‍ ചോദ്യക്കടലാസ്‌ അച്ചടിക്കാന്‍ നല്‍കിയ സ്‌ഥാപനത്തില്‍നിന്നാകാം അതു ചോര്‍ത്തിയതെന്നു സംശയിക്കുന്നു.

മികവില്ലാത്തവര്‍ക്കു സൈനികവിഭാഗങ്ങളില്‍ ജോലികിട്ടാന്‍ വഴിയൊരുക്കുക വഴി രാജ്യസുരക്ഷയെയാണു പ്രതികള്‍ അപകടത്തിലാക്കിയതെന്നു ഋഷിരാജ്‌ സിംഗ്‌ അഭിപ്രായപ്പെട്ടു. കൂടുതല്‍ നാവികസേനാ ഉദ്യോഗസ്‌ഥര്‍ക്കു പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചോദ്യങ്ങള്‍ ചോര്‍ന്നുകിട്ടിയ ഉദ്യോഗാര്‍ഥികളെ കേസില്‍ സാക്ഷികളാക്കും. ഇവരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ നാവികസേനയോട്‌ ആവശ്യപ്പെടും. നേരത്തേ നടന്ന വിവിധ സൈനിക റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളിലും തട്ടിപ്പുനടന്നിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുമെന്നും ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. സംഭവത്തെക്കുറിച്ചു നാവികസേന ഉന്നതതല അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും നാവികസേനാ വക്‌താവ്‌ അറിയിച്ചു. (mangalam report)

No comments:

Post a Comment