Monday, September 27, 2010

മുംബൈ ആക്രമണത്തില്‍ ഐ.എസ്‌.ഐ.പങ്കിനു തെളിവുണ്ടെന്നു വെളിപ്പെടുത്തല്‍
വാഷിംഗ്‌ടണ്‍: മുംബൈ ആക്രമണത്തില്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐക്കു പങ്കുള്ളതായി ഐ.എസ്‌.ഐ. മേധാവി ലഫ്‌. ജനറല്‍ അഹമ്മദ്‌ ഷുജാ പാഷ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സി.ഐ.എയോടു സമ്മതിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍.

മുന്‍അമേരിക്കന്‍ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സന്റെ രാജിക്കു വഴിവച്ച വാട്ടര്‍ഗേറ്റ്‌ വിവാദം പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ ബോബ്‌ വുഡ്‌വാഡിന്റെ 'ഒബാമയുടെ യുദ്ധം' എന്ന പുസ്‌തകത്തിലാണ്‌ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്‌. ആക്രമണം ഐ.എസ്‌.ഐ. നേരിട്ട്‌ ആസൂത്രണം ചെയ്‌തതല്ലെങ്കിലും അതിലെ ചിലര്‍ക്കു സംഭവവുമായി ബന്ധമുണ്ടെന്നാണ്‌ പാഷ അന്നു സി.ഐ.എയോടു പറഞ്ഞത്‌. 

മുംബൈയിലെത്തിയ ഭീകരര്‍ക്ക്‌ ഐ.എസ്‌.ഐ. നേരിട്ടു പരിശീലനം നല്‍കിയതായി സി.ഐ.എയ്‌ക്കു പിന്നീടു വിശ്വസനീയമായ തെളിവു കിട്ടിയതായി പുസ്‌തകത്തില്‍ പറയുന്നു.

മുംബൈ ആക്രമണമുണ്ടായി നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ സി.ഐ.എ. ഡയറക്‌ടര്‍ മൈക്ക്‌ ഹൈഡന്‍ യു.എസിലെ പാക്‌ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയുമായും ഐ.എസ്‌.ഐ. മേധാവി പാഷയുമായും ബന്ധപ്പെട്ടിരുന്നു. അമേരിക്കയിലെത്തി മുഴവന്‍ വിവരങ്ങളും കൈമാറാന്‍ ഹൈഡന്‍ പാഷയോട്‌ ആവശ്യപ്പെട്ടു.

ക്രിസ്‌മസിന്റെ പിറ്റേന്ന്‌ പാഷ സി.ഐ.എ. ആസ്‌ഥാനത്തെത്തി ഹൈഡനെ കണ്ടു. പാക്‌ സൈന്യത്തില്‍നിന്നു വിരമിച്ച രണ്ട്‌ ഓഫീസര്‍മാരാണ്‌ മുംബൈ ആക്രമണം ആസൂത്രണം ചെയ്‌തതെന്നും ഇവര്‍ക്ക്‌ ഐ.എസ്‌.ഐ. ബന്ധമുണ്ടെന്നും പാഷ പറഞ്ഞു. എന്നാല്‍ ആക്രമണവുമായി ഐ.എസ്‌.ഐക്കു നേരിട്ടു ബന്ധമില്ലെന്നും പാഷ അറിയിച്ചതായി വുഡ്‌വാഡ്‌ പറയുന്നു. ഇക്കാര്യം ഹൈഡന്‍ മുന്‍ യു.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ല്യു ബുഷിനെ അറിയിച്ചു.

പാകിസ്‌താനിലെ പുതിയ സര്‍ക്കാരിന്‌ ആക്രമണവുമായി ബന്ധമില്ലെന്നു ബുഷ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നേരിട്ട്‌ വിളിച്ചറിയിച്ചു. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തോടാണു ബുഷ്‌ മുംബൈ ആക്രമണത്തെ താരതമ്യപ്പെടുത്തിയത്‌. വൈറ്റ്‌ ഹൗസിലെ ഓഫീസില്‍ ബുഷ്‌ ദേശീയ സുരക്ഷാസംഘത്തിന്റെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇന്ത്യയും പാകിസ്‌താനും തമ്മില്‍ യുദ്ധമുണ്ടാകുന്നത്‌ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്നു ബുഷ്‌ സഹപ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്‌തു.

രണ്ട്‌ ആണവശക്‌തികള്‍ തമ്മില്‍ യുദ്ധമുണ്ടാകുന്നത്‌ ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നു ബുഷ്‌ പറഞ്ഞതായും പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നു. ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്‌താനുമായി ഇടപെടേണ്ടതിനെപ്പറ്റി പദ്ധതി തയാറാക്കാനും ബുഷ്‌ ആവശ്യപ്പെട്ടു.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം പോലെയൊന്ന്‌ ആവര്‍ത്തിക്കുന്നപക്ഷം വിവിധ രാജ്യങ്ങളിലുള്ള അല്‍ ക്വയ്‌ദാ താവളങ്ങള്‍ അപ്പാടെ തകര്‍ക്കാനും അമേരിക്ക പദ്ധതിയിട്ടിരുന്നെന്നു വുഡ്‌വാഡ്‌ വെളിപ്പെടുത്തി.

പാകിസ്‌താനില്‍ തമ്പടിച്ചിരിക്കുന്ന ഭീകരര്‍ അമേരിക്കയ്‌ക്കെതിരേ 9/11 മാതൃകയില്‍ വീണ്ടും ആക്രമണം നടത്തിയാല്‍ നേരിടാനുള്ള തന്ത്രങ്ങളാണ്‌ യു.എസ്‌. സൈന്യം രൂപപ്പെടുത്തിയത്‌. പാകിസ്‌താനില്‍ അധിനിവേശം നടത്താന്‍ ഉദ്ദേശമില്ല. പദ്ധതിയനുസരിച്ച്‌ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പാകിസ്‌താനിലുള്ള അല്‍ക്വയ്‌ദ ക്യാമ്പുകള്‍ക്കു നേരെ ബോംബാക്രമണം നടത്തും. നൂറ്റമ്പതോളം ക്യാമ്പുകളാണ്‌ അമേരിക്കയുടെ പട്ടികയിലുള്ളത്‌. കുറഞ്ഞ ചെലവില്‍ അതീവ വൈദഗ്‌ധ്യത്തോടെ മുംബൈയെ തളര്‍ത്തുന്ന തരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണം എഫ്‌.ബി.ഐയെ ആശ്‌ചര്യപ്പെടുത്തിയതായും വുഡ്‌വാഡ്‌ പറഞ്ഞു.

അമേരിക്കന്‍ നഗരങ്ങളില്‍ ഇത്തരം ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായി അവര്‍ കണക്കാക്കുന്നുവെന്നും പുസ്‌തകത്തില്‍ പറയുന്നു. ലഷ്‌കറെ തോയ്‌ബ പാകിസ്‌താന്റെ സൃഷ്‌ടിയാണെന്നും ഇപ്പോഴും പാക്‌ സര്‍ക്കാര്‍ അവര്‍ക്കു പണം നല്‍കുന്നുവെന്നും വുഡ്‌വാഡ്‌ ആരോപിക്കുന്നു.

ഇന്ത്യയില്‍ അസ്‌ഥിരതയുണ്ടാക്കാന്‍ പാക്‌ ചാരസംഘടന ലഷ്‌കറിനെ ഉപയോഗപ്പെടുത്തുകയാണെന്നും അവരായിരിക്കാം ആക്രമണത്തിനു പിന്നിലെന്നും 'ഒബാമയുടെ യുദ്ധം' എന്ന പുസ്‌തകത്തില്‍ പറയുന്നു. (mangalam)

No comments:

Post a Comment