ആര്‍.ടി ഓഫീസുകളില്‍ വ്യാജ രസീതിലൂടെ ക്ഷേമനിധി തട്ടിപ്പ്
Posted on: 22 Sep 2010
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കൊല്ലം: ആര്‍.ടി ഓഫീസുകളില്‍ വ്യാജരസീതുകള്‍ ഹാജരാക്കി കോടികളുടെ ക്ഷേനിധി തട്ടിപ്പ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ 59 ആര്‍.ടി.ഓഫീസുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലം ഇതുവരെയും അടച്ച ക്ഷേമനിധി തുകയുടെ വിശദാംശങ്ങളും രസീതുകളും അടിയന്തരമായി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്തുനല്‍കി. ഇതുപ്രകാരം എല്ലാ ആര്‍.ടി.ഓഫീസുകളും ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തിരക്കിട്ട നടപടി തുടങ്ങി.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനൊപ്പം ക്ഷേമനിധിയും അടയ്ക്കണമെന്നാണ് വ്യവസ്ഥ. ത്രൈമാസ കാലാവധിയിലും വാര്‍ഷികാടിസ്ഥാനത്തിലുമാണ് ക്ഷേമനിധി അടയേ്ക്കണ്ടത്. ക്ഷേമനിധി അടച്ചാല്‍ മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് വാഹനനികുതി സ്വീകരിക്കാവൂ എന്ന് 2005-ല്‍ വ്യവസ്ഥ ചെയ്യുകയും അത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ആര്‍.ടി.ഓഫീസുകള്‍ ക്ഷേമനിധി അടയ്ക്കുന്നതില്‍ കാര്‍ക്കശ്യം കാട്ടിയപ്പോള്‍ ഏജന്‍റുമാരും വാഹന ഉടമകളും വ്യാജരസീതുകള്‍ ഹാജരാക്കി തട്ടിപ്പു തുടങ്ങി. ജില്ലാക്ഷേമനിധി ഓഫീസില്‍ പണം അടയ്ക്കാതെ, പണം അടച്ചതായി കാണിക്കുന്ന കള്ളരസീതുകള്‍ മുദ്രസഹിതം ഉണ്ടാക്കുകയും അവ ആര്‍.ടി.ഓഫീസുകളില്‍ ഹാജരാക്കി നികുതി അടയ്ക്കുകയും ചെയ്തു. 2008 സപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ആലപ്പുഴയില്‍ മാത്രം ഇത്തരത്തില്‍ 777 കേസുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി ആര്‍.ടി.ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഒരു ജില്ലയില്‍ ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് മൂന്നുമുതല്‍ അഞ്ചുവരെ കോടി രൂപ ക്ഷേമനിധി ഇനത്തില്‍ കിട്ടേണ്ടതുണ്ട്.
2005 മുതല്‍ വ്യാജരസീതുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കോടിക്കണക്കിന് രൂപ കവിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാണ് ഓരോ ആര്‍.ടി.ഓഫീസും അടിസ്ഥാനമാക്കി അന്വേഷണം നടത്തുന്നത്.
ഓട്ടോറിക്ഷ, പെട്ടി ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ക്ക് മൂന്നുമാസത്തേക്കാണ് ക്ഷേമനിധി അടയേ്ക്കണ്ടത്. വര്‍ഷത്തില്‍ 600 രൂപ. ട്രാന്‍സ്‌പോര്‍ട്ട് കാറുകള്‍ക്കും മറ്റ് ടാക്‌സികള്‍ക്കും വര്‍ഷത്തിലാണ് ക്ഷേമനിധി അടയേ്ക്കണ്ടത്-1200 രൂപ. ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് വര്‍ഷത്തില്‍ 2400 രൂപ. ടിപ്പര്‍ തുടങ്ങിയ ലോറികള്‍ക്ക് 4800 രൂപയും വലിയ ടൂറിസ്റ്റ് ബസുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും വര്‍ഷത്തില്‍ 8400 രൂപയും ക്ഷേമനിധി അടയ്ക്കണം. കൃത്യമായി ക്ഷേമനിധിയും നികുതിയും അടയ്ക്കുന്ന ഒരുവിഭാഗം വാഹന ഉടമകളുണ്ട്. തട്ടിപ്പിനു പിന്നില്‍ ഇടനിലക്കാരും ഏജന്‍റുമാരുടെ സംഘങ്ങളുമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ചില ആര്‍.ടി.ഓഫീസുകളില്‍നിന്ന് ഇത്തരക്കാര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നുണ്ട്. ഭൂരിഭാഗം ആര്‍.ടി.ഓഫീസുകളിലും വ്യാജരസീത് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. (mathrubhumi)
No comments:
Post a Comment