Wednesday, September 22, 2010

Titanic Disaster.

ടൈറ്റാനിക്‌ തകര്‍ന്നത്‌ തെറ്റായ ദിശയിലേക്ക്‌ തിരിച്ചതിനാല്‍

ലണ്ടന്‍: അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ ആണ്ടു പോയ കപ്പല്‍ സുന്ദരി ടൈറ്റാനിക്‌ വീണ്ടും വിവാദങ്ങളില്‍. മനുഷ്യമികവിന്റെ അമൂല്യരത്നമായി വാഴ്‌ത്തപ്പെട്ട ജലയാനം കന്നിയാത്രയില്‍തന്നെ മുങ്ങിയതു തെറ്റായ ദിശയിലേക്ക്‌ തിരിച്ചതിനാലാണെന്ന വെളിപ്പെടുത്തലാണു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്‌. 'ഗുഡ്‌ ആസ്‌ ഗോള്‍ഡ്‌' എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്‌തകത്തിലാണ്‌ പുതിയ വെളിപ്പെടുത്തല്‍. ചുക്കാന്‍ തിരിക്കേണ്ട നാവികന്‍ ഇടതു ദിശയ്‌ക്കു പകരം കപ്പല്‍ വലതുഭാഗത്തേക്കാണു തിരിച്ചതെന്നും ഇതാണ്‌ ടൈറ്റാനിക്‌ ദുരന്തത്തിനു കാരണമായതെന്നുമാണ്‌ ഗ്രന്ഥകാരിയുടെ കണ്ടെത്തല്‍.

ടൈറ്റാനിക്കിലെ സെക്കന്‍ഡ്‌ ഓഫീസര്‍ ചാള്‍സ്‌ ലൈറ്റോളറിന്റെ കൊച്ചു മകള്‍ ലേഡി ലൂയിസ്‌ പാറ്റണാണ്‌ തന്റെ കുടുംബത്തിനു മാത്രമറിഞ്ഞിരുന്ന രഹസ്യം പുസ്‌തകരൂപത്തിലാക്കിയിരിക്കുന്നത്‌. തെറ്റ്‌ മനസിലാക്കി തിരുത്തിയെങ്കിലും ഏറെ വൈകിപ്പോയിരുന്നുവെന്ന്‌ ലൂയിസ്‌ പാറ്റണ്‍ രചനയില്‍ വ്യക്‌തമാക്കുന്നു.

അമിത വേഗത്തില്‍ കുതിക്കുകയായിരുന്ന കപ്പലിലെ ജീവനക്കാര്‍ മഞ്ഞുമല കാണാന്‍ വൈകിയതാണു ദുരന്തത്തിലേക്കു വഴിവച്ചതെന്നായിരുന്നു കപ്പല്‍ച്ചേതം സംബന്ധിച്ച്‌ ഇതുവരെ പറഞ്ഞു കേട്ടിരുന്ന പ്രധാന വാദം. ടൈറ്റാനിക്‌ ദുരന്തം നടന്ന കാലഘട്ടത്തില്‍ സമുദ്രയാത്ര വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നു പോകുകയായിരുന്നു.

പായ്‌കപ്പലുകളില്‍നിന്നും ആവിയന്ത്രത്തിലേക്കുള്ള മാറ്റം നാവികരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. രണ്ടു മൈല്‍ അകലെ മഞ്ഞു മല കണ്ട ഫസ്‌റ്റ്ഓഫീസര്‍ വില്യം മര്‍ഡോക്ക്‌ കപ്പല്‍ ഇടത്തേക്കു തിരിക്കാനാണ്‌ നിര്‍ദേശം നല്‍കിയത്‌. എന്നാല്‍ കോര്‍ട്ടര്‍മാസ്‌റ്റര്‍ റോബര്‍ട്ട്‌ ഹിച്ചിന്‍സ്‌ ചുക്കാന്‍ വലത്തേക്കു തിരിക്കുകയായിരുന്നു. വീണ്ടും ഇടത്തേക്ക്‌ തിരിച്ചെങ്കിലും കപ്പലിന്റെ ഒരു ഭാഗം മഞ്ഞുമലയില്‍ തട്ടി പൂര്‍ണമായും തകര്‍ന്നിരുന്നുവെന്നും പുസ്‌തകം വെളിപ്പെടുത്തുന്നു. അമേരിക്കയിലും ബ്രിട്ടനിലും നടന്ന അന്വേഷണങ്ങളില്‍നിന്നു ചാള്‍സ്‌ ലൈറ്റോളര്‍ ഈ രഹസ്യം മറച്ചുവച്ചു.

കപ്പല്‍കമ്പനിയെ പാപ്പരത്വത്തില്‍നിന്നു രക്ഷിക്കുകയും അതുവഴി സഹപ്രവര്‍ത്തകരുടെ ജോലി നിലനിര്‍ത്തുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1912 ല്‍ ബ്രിട്ടനിലെ സതാംപ്‌റ്റണില്‍നിന്നു 2240 പേരുമായി ന്യൂയോര്‍ക്കിലേക്കു പോകും വഴിയാണു മഞ്ഞുമലയില്‍ തട്ടി ടൈറ്റാനിക്‌ തകര്‍ന്നത്‌. 1517 പേര്‍ കൊല്ലപ്പെട്ടു. (mangalam)

No comments:

Post a Comment