Saturday, September 25, 2010

റോഡരികില്‍ നിന്നയാളെ ഇടിച്ച ബസ്‌ കൊക്കയിലേക്കു മറിഞ്ഞു; ഒരാള്‍ മരിച്ചു, 2 പേര്‍ക്കു പരുക്ക്‌
എരുമേലി: വാന്‍ നിര്‍ത്തി ബൈക്ക്‌ യാത്രികനായ സുഹൃത്തിനോടു സംസാരിച്ചുനിന്ന യുവാവ്‌ ബസിടിച്ചു മരിച്ചു. തുടര്‍ന്ന്‌ ബസ്‌ അമ്പതടി താഴ്‌ചയുള്ള കൊക്കയിലേക്കു മറിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മുട്ടപ്പള്ളി കണിയാംപറമ്പില്‍ ഷിനോ (34)യാണു മരിച്ചത്‌. പരുക്കേറ്റ ബൈക്ക്‌ യാത്രികന്‍ പാണവിലാവ്‌ പള്ളിവയലില്‍ പി.എസ്‌. രാജേഷ്‌ (29), ബസിലുണ്ടായിരുന്ന തുലാപ്പള്ളി പീടികയില്‍ അനീഷ്‌ (26) എന്നിവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയ്‌ക്ക് എരുമേലി - പമ്പാവാലി പാതയില്‍ പാണവിലാവ്‌ അയ്യനോലി വളവിലായിരുന്നു അപകടം. എരുമേലിയില്‍നിന്നു പമ്പാവാലിക്കു പോയ ഫാത്തിമാ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ടാറ്റാ സുമോയില്‍ വരികയായിരുന്ന ഷിനോ ബൈക്കിലെത്തിയ രാജേഷിനെ കണ്ട്‌ വാഹനം നിര്‍ത്തുകയായിരുന്നു. പുറത്തിറങ്ങി സംസാരിച്ചു നില്‍ക്കുമ്പോള്‍ ബസ്‌ ഇടിച്ചു. അപകടത്തെ തുടര്‍ന്നു ഡ്രൈവര്‍ ബസ്‌ വെട്ടിച്ചു മാറ്റുന്നതിനിടെ കൊക്കയിലേക്കു കുത്തനെ മറിഞ്ഞു. മരത്തില്‍ ബസ്‌ തങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ബിനുവാണു മരിച്ച ഷിനോയുടെ ഭാര്യ. മകന്‍: ഷാരോണ്‍. എട്ടുമാസം പ്രായമായ മകളുമുണ്ട്‌. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌
(ദീപിക)

No comments:

Post a Comment