Sunday, September 26, 2010

അവാര്‍ഡ്‌ ജേതാവിനെയും ബന്ധുക്കളെയും കബളിപ്പിച്ച്‌ അഭിഭാഷകര്‍ 20 ലക്ഷം തട്ടി

തിരുവനന്തപുരം: യു.എ.ഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിക്ക്‌ അനുവദിച്ച നഷ്‌ടപരിഹാരത്തുക അഭിഭാഷകര്‍ തട്ടിയെടുത്തെന്ന്‌ ബന്ധുക്കള്‍. തന്റെ കുടുംബത്തിന്‌ യു.എ.ഇ സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അനുവദിച്ച ഇരുപതോളം ലക്ഷം രൂപ തട്ടിയ അഭിഭാഷകര്‍ക്കെതിരെ ദേശീയ യൂത്ത്‌ അവാര്‍ഡ്‌ ജേതാവ്‌ വിജു വി. നായര്‍ കേന്ദ്ര സര്‍ക്കാരിന്‌ പരാതി നല്‍കി.


1997 ല്‍ അബൂദാബി ഷാര്‍ജ റോഡിലുണ്ടായ അപകടത്തില്‍ മരിച്ച തന്റെ പിതാവ്‌ കെ. ആര്‍. വിശ്വനാഥന്‍ നായര്‍ക്ക്‌ അനുവദിച്ച നഷ്‌ടപരിഹാര തുക അഭിഭാഷകനായ എം.എ. സക്കര്‍ ബഗ്‌വാല ദുബായ്‌ ഇസ്ലാമിക്‌ ബാങ്കില്‍ നിന്നും കൈപ്പറ്റുകയും എന്നാല്‍ അവകാശികളായ തന്റെ കുടുംബാംഗങ്ങള്‍ക്ക്‌ നല്‍കിയില്ലെന്നുമാണ്‌ ആരോപണം. സംഭവത്തെക്കുറിച്ച്‌ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കക്ഷികളെ വഞ്ചിച്ച്‌ പണം തട്ടിയ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പരാതി ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിനും ലഭിച്ചിട്ടുണ്ട്‌.


ആലപ്പുഴ ജില്ലയിലെ ഇടപ്പോണ്‍ ഇറാനിക്കുഴി ഇന്ദിരാഭവനില്‍ കെ. ആര്‍. വിശ്വനാഥന്‍ നായര്‍ 1997 ഡിസംബര്‍ 19ന്‌ രാത്രിയിലാണ്‌ അബുദാബി- ഷാര്‍ജ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്‌. ഇദ്ദേഹത്തെ ഇടിച്ച വാഹനം ഏതെന്ന്‌ കണ്ടെത്തിയിരുന്നില്ല. ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. യു.എ.ഇയില്‍ അപകടത്തില്‍ മരിക്കുന്ന ആളിന്റെ അവകാശികള്‍ക്ക്‌ ലഭിക്കുന്ന നഷ്‌ടപരിഹാര തുക (ബ്ലഡ്‌ മണി) ലഭിക്കാത്തതിനെ തുടുന്ന്‌ അന്നത്തെ എം.പി പി.ജെ. കുര്യന്‍ മുഖാന്തരം കേന്ദ്ര വിദേശകാര്യ വകുപ്പ്‌ മന്ത്രിക്ക്‌ ബന്ധുക്കള്‍ പരാതി നല്‍കി.


തുടര്‍ന്ന്‌ മുംബൈയില്‍ നിന്നും അഡ്വ. ഉദയകുമാര്‍ മേത്ത അവകാശികളെ ബന്ധപ്പെടുകയും യു.എ.ഇയില്‍ കേസ്‌ നടത്തിപ്പിനായി അഡ്വ. എം.എ സക്കര്‍ ബഗ്‌വാലെ (പാസ്‌പോര്‍ട്ട്‌ നമ്പര്‍ എ 3331807) ചുമതലപ്പെടുത്തിയതായും അതിന്‌ ആവശ്യമായ അധികാര പത്രം ഒപ്പിട്ടു നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. രേഖകള്‍ കൈമാറിക്കഴിഞ്ഞ ശേഷം ഉദയകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നഷ്‌ടപരിഹാരത്തുക ലഭിക്കുമെന്നുമുള്ള മറുപടിയാണ്‌ ബന്ധുക്കള്‍ക്ക്‌ ലഭിച്ചത്‌. ഏകദേശം നാലു വര്‍ഷക്കാലം ഈ നില തുടര്‍ന്നു. 2002 ഡിസംബറില്‍ ഏതു വാഹനമാണ്‌ ഇടിച്ചതെന്ന്‌ അറിയാത്തതിനാല്‍ പണം ലഭിക്കില്ലെന്ന്‌ അഭിഭാഷകര്‍ ബന്ധുക്കളെ അറിയിച്ചു.


പണം നേടിയെടുക്കാനുള്ള നിയമ നടപടികള്‍ ബന്ധുക്കള്‍ തുടരുന്നതിനിടയിലാണ്‌ വിശ്വനാഥന്‍ നായര്‍ ജോലി നോക്കിയിരുന്ന കമ്പനി പണം നല്‍കിയിരുന്ന വിവിരം പുറത്തുവന്നത്‌. വിശ്വനാഥന്‍ നായര്‍ ജോലിനോക്കിയിരുന്ന അബുദാബിയിലെ അല്‍ മുഹരി ജനറല്‍ കോണ്‍ട്രാക്‌ടിംഗ്‌ കമ്പനിയുമായി ബന്ധുക്കള്‍ ബന്ധപ്പെടുകയും തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലുമാണ്‌ പണം അഭിഭാഷകര്‍ കൈപ്പറ്റിയത്‌ പുറത്തുവന്നത്‌. 2000 ഡിസംബര്‍ അഞ്ചിന്‌ ദുബായ്‌ ഇസ്ലാമിക്‌ ബാങ്കില്‍ നിന്നും 647369-ാം നമ്പര്‍ ചെക്കിലൂടെ സക്കര്‍ ബഗ്‌വാല 150280 ദര്‍ഹം ( ഏകദേശം 20 ലക്ഷം രൂപ) നഷ്‌ടപരിഹാരമായി കൈപ്പറ്റിയതായി തെളിഞ്ഞു. ഈ തുക ലഭിക്കുന്നതിന്‌ ആവശ്യമായ നിയമ യുദ്ധത്തിലാണ്‌ തങ്ങളിപ്പോഴെന്ന്‌ വിജു 'മംഗള'ത്തോട്‌ പറഞ്ഞു (mangalam)

No comments:

Post a Comment