Sunday, September 26, 2010

ബ്രിട്ടീഷ്‌ രാജകുടുംബം വിഡ്‌ഢികളും പഴഞ്ചന്മാരുമെന്ന്‌ റുഷ്‌ദി
ലണ്ടന്‍: ബ്രിട്ടീഷ്‌ രാജവംശത്തിനെതിരേ വിമര്‍ശനമുയര്‍ത്തി സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്‌ദി വീണ്ടും വിവാദക്കുരുക്കില്‍. 'ദ്‌ സണ്‍ഡേ ടൈംസി'നു നല്‍കിയ അഭിമുഖത്തിലാണ്‌ 'വിഡ്‌ഢികള്‍', 'പഴഞ്ചന്‍മാര്‍' തുടങ്ങിയ പദപ്രയോഗങ്ങളാല്‍ ബ്രിട്ടീഷ്‌ രാജവംശത്തെ വിശേഷിപ്പിക്കാന്‍ ഇന്ത്യന്‍ വംശജനായ ഈ വിശ്വസാഹിത്യകാരന്‍ തുനിഞ്ഞത്‌. ബ്രിട്ടീഷ്‌ രാജവംശവും അതിന്റെ പാരമ്പര്യവും പഴഞ്ചനും ശുദ്ധവിഡ്‌ഢിത്തത്തില്‍ അധിഷ്‌ഠിതവുമാണെന്നായിരുന്നു വിവാദങ്ങളുടെ തോഴനായ റുഷ്‌ദിയുടെ പരാമര്‍ശം.

ബ്രിട്ടീഷ്‌ രാജവംശത്തെപ്പറ്റി ഇത്ര മോശം അഭിപ്രായമുള്ള വ്യക്‌തി എന്തിനാണ്‌ അവരില്‍നിന്നു 'സര്‍' പദവി സ്വീകരിച്ചതെന്ന ചോദ്യത്തിന്‌ ഫ്രഞ്ചു സര്‍ക്കാരിന്റെ ബഹുമതി സസന്തോഷം സ്വീകരിച്ച താന്‍ സ്വന്തം രാജ്യത്തിന്റെ പുരസ്‌കാരം തിരസ്‌കരിക്കുന്നത്‌ അസാധാരണമായി വിലയിരുത്തപ്പെടുമെന്നായിരുന്നു ഇപ്പോള്‍ ബ്രിട്ടീഷ്‌ പൗരത്വമുള്ള 63 വയസുകാരനായ റുഷ്‌ദിയുടെ മറുപടി. രാജ്‌ഞിമാരെയും സര്‍ പദവിയുള്ളവരെയും ചുറ്റിപ്പറ്റിയുള്ള വിചിത്രമായ ആചാരങ്ങളാണ്‌ ഇപ്പോഴും ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ നയിക്കുന്നത്‌. എന്നാല്‍ സാഹിത്യകൃതികളുടെ സ്രഷ്‌ടാക്കളെന്ന നിലയില്‍ തങ്ങളെ ആദരിക്കുമ്പോള്‍ അതു നന്ദിപൂര്‍വം സ്വീകരിച്ചു മടങ്ങുകയാണ്‌ ഏകമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

അന്തമില്ലാത്ത കോലാഹലങ്ങളാല്‍ തന്റെ വിവാഹജീവിതം ദുരന്തമായിരുന്നതായും നാലുതവണ വിവാഹം കഴിച്ച റുഷ്‌ദി വ്യക്‌തമാക്കി. ' ദ്‌ എന്‍ചാന്‍ട്രസ്‌ ഓഫ്‌ ഫ്‌ളോറന്‍സ്‌ ' എന്ന തന്റെ അവസാന രചന പത്നി പദ്‌മയെക്കുറിച്ചാണോയെന്ന ചോദ്യത്തിന്‌ റുഷ്‌ദിയുടെ മറുപടി ഇതായിരുന്നു: ''യഥാര്‍ഥത്തില്‍ എന്റെ ചിന്തകളില്‍പ്പോലും പദ്‌മയില്ല, അതുകൊണ്ടുതന്നെ അവസാന കൃതിക്കു ലഭിച്ച അഭിനന്ദനങ്ങള്‍ അവള്‍ക്കു നല്‍കാന്‍ ഞാന്‍ തയാറുമല്ല''. മുംബൈയില്‍ ജനിച്ച റുഷ്‌ദി ചെറുപ്പത്തിലേ ഇന്ത്യവിട്ട്‌ ഇംഗ്ലണ്ടിലേക്കു ചേക്കേറുകയായിരുന്നു. പിതാവില്‍നിന്നുണ്ടായ കയ്‌പേറിയ അനുഭവങ്ങളായിരുന്നു റുഷ്‌ദിയെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചത്‌. എന്നാല്‍ സഹോദരിമാരുമായി വൈകാരികമായി അടുത്ത ബന്ധമാണ്‌ റുഷ്‌ദി പുലര്‍ത്തിയിരുന്നത്‌. മൂന്നു വര്‍ഷം മുമ്പ്‌ ഇളയ സഹോദരി മരണമടഞ്ഞതു തന്നെ മാനസികമായി തളര്‍ത്തിയതായും അഭിമുഖത്തില്‍ റുഷ്‌ദി വെളിപ്പെടുത്തി.

പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും തനിക്കുണ്ടായ അനുഭവങ്ങള്‍ മക്കള്‍ക്കുണ്ടാകരുതെന്ന മനോഭാവമാണ്‌ അതിനുതന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജീവിതത്തിന്റെ അവസാനകാലത്ത്‌ പിതാവ്‌ തന്റെ രചനകളുടെ ആരാധകനായിരുന്നെന്നും പുത്രനെന്ന നിലയില്‍ തന്റെ നേട്ടങ്ങളില്‍ അഭിമാനിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞതെന്നും റുഷ്‌ദി ഓര്‍ക്കുന്നു. (mangalam)

No comments:

Post a Comment