Friday, September 24, 2010




അഭയം ഹോം നഴ്‌സിംഗ്‌ സ്‌ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്‌; ഹോം നഴ്‌സ് ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍..                                
കൊച്ചി: ഹോം നഴ്‌സിംഗ്‌ സ്‌ഥാപനത്തിന്റെ മറവില്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തു വന്‍തുക തട്ടുന്ന നാലംഗ സംഘത്തെ ഷാഡോ പോലീസ്‌ പിടികൂടി.

ഹോം നഴ്‌സായ തൃശൂര്‍ പാഞ്ഞാള്‍ പാലവിള പുത്തന്‍വീട്ടില്‍ കൃഷ്‌ണപ്രിയ(23), സ്‌ഥാപന ഉടമ കോട്ടയം താഴത്തങ്ങാടി തടത്തില്‍ വീട്ടില്‍ ടോം കെ. മാണി(36), സ്‌ഥാപനത്തിലെ ജീവനക്കാരായ കോട്ടയം താഴത്തങ്ങാടി നത്താശാരിയേടത്ത്‌ ജോസഫ്‌ മാത്യു(44), കോട്ടയം വേളൂര്‍ കറുകയില്‍ വീട്ടില്‍ വിജയപ്പന്‍(54) എന്നിവരെയാണ്‌ ഷാഡോ പോലീസ്‌ പിടികൂടിയത്‌. 



കോട്ടയം ടൗണില്‍ സ്‌റ്റാര്‍ ജംഗ്‌ഷനില്‍ അഭയം എന്റര്‍പ്രൈസസ്‌ എന്ന സ്‌ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പും ബ്ലാക്ക്‌മെയിലിംഗും.


ഹോം നഴ്‌സിംഗ്‌ ജോലിക്കെത്തിയ യുവതിയെ ഗൃഹനാഥന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു വ്യാജ പരാതിയുണ്ടാക്കി ബ്ലാക്ക്‌മെയില്‍ ചെയ്‌താണ്‌ സംഘം പണം തട്ടിയിരുന്നത്‌. കേസും മാനഹാനിയും ഭയന്നു ഗൃഹനാഥനില്‍നിന്നും ആരുമറിയാതെ വിഷയം ഒത്തുതീര്‍പ്പാക്കാം എന്ന ഉപാധികളോടെയാണ്‌ ഇവര്‍ പണം കൈപ്പറ്റുക.


ഇടപ്പള്ളി അഞ്ചുമനയില്‍ കുടുംബസമേതം താമസിക്കുന്ന യുവാവ്‌ കുഞ്ഞിനെ നോക്കാനും വീട്ടുജോലിക്കുമായി ഹോം നഴ്‌സിനെ ആവശ്യപ്പെട്ട്‌ അഭയം എന്റര്‍പ്രൈസസ്‌ എന്ന ഹോം നഴ്‌സിംഗ്‌ സ്‌ഥാപനത്തിലെത്തിയതോടെയാണ്‌ ബ്ലാക്ക്‌മെയില്‍ സംഭവത്തിന്റെ തുടക്കം. ഹോം നഴ്‌സിംഗ്‌ സ്‌ഥാപനത്തിന്റെ ഉടമ ഇടപ്പള്ളിയിലുള്ള യുവാവിന്റെ വീട്ടില്‍ യുവതിയായ ഹോം നഴ്‌സിനെ എത്തിച്ചു. മൂന്നു ദിവസത്തിനുശേഷം ഹോം നഴ്‌സ് ഗൃഹനാഥന്റെ അമ്മയോട്‌ തന്റെ അച്‌ഛനു സുഖമില്ലെന്ന കാരണം പറഞ്ഞു പോയി. അമ്മ ഇക്കാര്യം മകനെ വിളിച്ചറിയിച്ചു. തുടര്‍ന്ന്‌ ഹോം നഴ്‌സിംഗ്‌ സ്‌ഥാപന ഉടമ ഗൃഹനാഥനെ ഫോണില്‍ വിളിച്ച്‌ ഗൃഹനാഥന്‍ ലൈംഗികമായി പീഡിപ്പിക്കുന്നതിനാലാണ്‌ ഹോം നഴ്‌സ് തിരിച്ചുപോന്നതെന്നും അവര്‍ പോലീസില്‍ പരാതിപ്പെട്ടതായും അറിയിച്ചു. ഭാര്യയെയും അമ്മയെയും വിഷമിപ്പിക്കാതിരിക്കാനാണ്‌ അവരോട്‌ ഇക്കാര്യം പറയാതിരുന്നതെന്നും അറിയിച്ചു. ഈ വിഷയം കേസാവാതെ രമ്യമായി പരിഹരിക്കാമെന്നും അതിനായി കോട്ടയത്തു വരണമെന്നും ഗൃഹനാഥനെ സ്‌ഥാപന ഉടമ അറിയിച്ചു. കുറ്റക്കാരനല്ലെങ്കിലും മാനഹാനി ഭയന്നു കോട്ടയത്തെത്തിയ യുവാവിനോട്‌ സംഘം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൈവശമില്ലാതിരുന്ന യുവാവിനെ സംഘം തടഞ്ഞുവച്ചു. സംഘത്തിലുണ്ടായിരുന്ന ഹോം നഴ്‌സിംഗ്‌ സ്‌ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ആളാണെന്നു പറഞ്ഞു യുവാവിനെ ഭയപ്പെടുത്തി. ഗത്യന്തരമില്ലാതെ യുവാവ്‌ പണം നല്‍കാമെന്നും ഇതിനായി എറണാകുളത്തു വരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നു യുവാവുമായി സംഘം എറണാകുളത്തു വരികയും ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്‌തു.


രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്ന്‌ പോലീസ്‌ സംഘം ഹോട്ടലിനു സമീപമെത്തി ഹോട്ടലിനു പുറത്ത്‌ പരിഭ്രാന്തയായ യുവതിയെ കണ്ട പോലീസ്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ വിവരം ലഭിച്ചത്‌. ചോദ്യം ചെയ്യലില്‍ തന്റെ ഭര്‍ത്താവിനെ ഒരുസംഘം ആളുകള്‍ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഒരു ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ വിട്ടയയ്‌ക്കുകയുള്ളൂവെന്നും പറഞ്ഞതായി യുവതി അറിയിച്ചു. തുടര്‍ന്നു തടഞ്ഞുവയ്‌ക്കപ്പെട്ട ഗൃഹനാഥനെ പോലീസ്‌ മോചിപ്പിക്കുകയും പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.


സംഘം ഇതേ രീതിയില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയെന്നു വിവരം ലഭിച്ചതായി പോലീസ്‌ അറിയിച്ചു. ഡപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ പി.എച്ച്‌. അഷറഫിന്റയും സ്‌പെഷല്‍ ബ്രാഞ്ച്‌ എ.സി.പി ഷംസു ഇല്ലിക്കലിന്റെയും നേതൃത്വത്തില്‍ ഷാഡോ എസ്‌.ഐ മുഹമ്മദ്‌ നിസാര്‍, എ.എസ്‌.ഐ സുരേഷ്‌ ബാബു, പോലീസുകാരായ ഉണ്ണികൃഷ്‌ണന്‍, ശിവന്‍, സന്തോഷ്‌, രാജേഷ്‌, സന്ദീപ്‌ എന്നിവരും നോര്‍ത്ത്‌ എസ്‌.ഐ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസും വനിതാ എസ്‌.ഐ സി.എന്‍. രാജത്തിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസും ചേര്‍ന്നാണ്‌ ബ്ലാക്‌ മെയിലിംഗ്‌ സംഘത്തെ പിടികൂടിയത്‌ (mangalam)

No comments:

Post a Comment