Friday, September 24, 2010

തട്ടിപ്പുകള്‍

കോണ്‍ഗ്രസ്‌ നേതാവ്‌ വിദേശമലയാളിയില്‍നിന്ന്‌ ഒരു കോടി രൂപയിലേറെ തട്ടിയതായി പരാതി
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ്‌ നേതാവ്‌ വിദേശ മലയാളിയില്‍നിന്ന്‌ ഒരു കോടി രൂപയിലേറെ തട്ടിയെടുത്തതായി പരാതി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ്‌ തെക്കേടത്ത്‌ ടി.കെ. ജോസഫ്‌ (67) ആണു പരാതി നല്‍കിയത്‌.

ജോസഫും ഭാര്യ അന്നമ്മയും 35 വര്‍ഷമായി ദുബായില്‍ ജോലിയിലായിരുന്നു. 2002-ല്‍ ഇവരുടെ വകയായ കല്ലുവരമ്പിലുള്ള നിലംനികത്തുമ്പോള്‍ തടസപ്പെടുത്തി ഒരു രാഷ്‌ട്രീയപാര്‍ട്ടി കൊടി കുത്തി. തുടര്‍ന്ന്‌, ഇയാള്‍ ഇടപെട്ട്‌ ഇവരില്‍നിന്നു ഭീമമായ തുക വാങ്ങി പ്രശ്‌നം പരിഹരിച്ചുകൊടുത്തു. തുടര്‍ന്ന്‌ നേതാവ്‌ ഇവരുമായി സൗഹൃദത്തിലായി. പിന്നീട്‌, ടൂറിസ്‌റ്റ് എയര്‍ബസ്‌ വാങ്ങാനായി 14 ലക്ഷം രൂപ വാങ്ങി. അന്നമ്മയുടെ പേരില്‍ ബസ്‌ വാങ്ങിയെങ്കിലും ഇത്‌ ഓടിയ വകയില്‍ ലഭിച്ച തുക നല്‍കിയില്ല. ഇവര്‍ അറിയാതെ ബസ്‌ വില്‍ക്കുകയുംചെയ്‌തു.

ചെങ്ങന്നൂര്‍ തിട്ടമേല്‍മുറിയില്‍ 30 സെന്റ്‌ ഭൂമി നിസാരവിലയ്‌ക്ക് വാങ്ങിത്തരാം എന്നുപറഞ്ഞ്‌ 12 ലക്ഷം രൂപയും കൈക്കലാക്കി. കാര്‍ത്തികപ്പള്ളി താലൂക്കിലെ മഹാദേവികാട്‌ 80 സെന്റ്‌ വസ്‌തു വാങ്ങാനായി 25 ലക്ഷം രൂപ വാങ്ങി. ജോസഫും ഭാര്യയും വിദേശത്തായിരുന്നതിനാല്‍ ഇതുനോക്കി നടത്താന്‍ ഇവരില്‍നിന്നും മുക്‌ത്യാര്‍ എഴുതിവാങ്ങുകയും ഇതിലെ കെട്ടിടമുറികള്‍ വാടകയ്‌ക്ക് നല്‍കുകയുംചെയ്‌തു.

ഇയാളുടെ പേരില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റിനു സമീപമുള്ള 14 സെന്റ്‌ സ്‌ഥലത്തിന്റെയും ആധാരം ജാമ്യമായി നല്‍കി 15 ലക്ഷം രൂപ കടമായും വാങ്ങി.

2007 കാലഘട്ടത്തില്‍ റെന്റ്‌ എ കാര്‍ ബിസിനസിനായി മാരുതി ഓള്‍ട്ടോ കാര്‍ വാങ്ങിയ വകയിലും തട്ടിപ്പ്‌ നടത്തി.

ഡി.ജെ.പി. എന്റര്‍പ്രൈസസ്‌ എന്നൊരു സ്‌ഥാപനം തുടങ്ങിയാണ്‌ പിന്നീട്‌ ദമ്പതികളെ ഇയാള്‍ പറ്റിച്ചത്‌. ഇതിനായി 45.5 ലക്ഷം രൂപയും ഇവരില്‍നിന്ന്‌ വാങ്ങി. 2007-ല്‍ ദുബായിലെ ജോലി മതിയാക്കി നാട്ടില്‍വന്നപ്പോഴാണ്‌ നേതാവിന്റെ തട്ടിപ്പുകള്‍ മനസിലാകുന്നത്‌. തുടര്‍ന്ന്‌, പണംതിരികെ ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ 18-നു മാറാവുന്ന ചെങ്ങന്നൂര്‍ കോര്‍പറേഷന്‍ ബാങ്കിന്റെ പേരിലുള്ള ഒരു കോടി 10 ലക്ഷം രൂപയ്‌ക്കുള്ള ചെക്ക്‌ നല്‍കി. എന്നാല്‍ പണമില്ലാത്തതിനാല്‍ ചെക്ക്‌ മടങ്ങി.

കാലാകാലങ്ങളിലായി ഇയാള്‍ നടത്തിയ കത്തിടപാടുകള്‍ എല്ലാം കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടേയും ലെറ്റര്‍പാഡുകള്‍ ഉപയോഗിച്ചായിരുന്നു.

തുടര്‍ന്ന്‌, ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അഡ്വ. മുരളീമനോഹര്‍, മുഖേന ജോസഫ്‌ നേതാവിനെതിരേ കേസ്‌ നല്‍കിയിരിക്കുകയാണ്‌.

പത്രസമ്മേളനത്തില്‍ ജോസഫിനെ കൂടാതെ സഹോദരങ്ങളും റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥരുമായ ടി.കെ. കോശി, ടി.കെ. ജോണ്‍ എന്നിവരും പങ്കെടുത്തു. (a mangalam report)

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം റോള്‍ഡ്‌ ഗോള്‍ഡ്‌ വച്ച്‌ മുങ്ങിയ ഹോം നഴ്‌സ് പോലീസ്‌ പിടിയില്‍
അങ്കമാലി: ജോലിക്കുനിന്ന വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം പകരം റോള്‍ഡ്‌ ഗോള്‍ഡ്‌ ആഭരണങ്ങള്‍ വച്ചു കടന്നുകളഞ്ഞ ഹോം നഴ്‌സിനെ പോലീസ്‌ പിടികൂടി. എട്ടുപവനോളം സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ കൊല്ലം പാരിപ്പിള്ളി സ്വദേശിനി മായ എന്നുവിളിക്കുന്ന സബിതയാണ്‌ പോലീസ്‌ പിടിയിലായത്‌.

അങ്കമാലി പാലിശേരി കോലഞ്ചേരി വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മയെ ശുശ്രൂഷിക്കാന്‍ അങ്കമാലിയിലുള്ള ഒരു ഏജന്‍സി വഴിയാണ്‌ ഹോം നഴ്‌സിനെ നിയോഗിച്ചത്‌. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ അലമാര തുറന്ന്‌ ആഭരണങ്ങള്‍ പരിശോധിച്ചശേഷം അതേ മാതൃകയില്‍ റോള്‍ഡ്‌ ഗോള്‍ഡ്‌ ആഭരണങ്ങള്‍ പകരം വച്ചശേഷം വിദഗ്‌ധമായായിരുന്നു മോഷണം. പിന്നീട്‌ തന്ത്രപൂര്‍വം വീട്ടില്‍നിന്നും ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങുകയായിരുന്നു പ്രതി. വീട്ടുകാര്‍ ഏതോ ആവശ്യത്തിന്‌ ആഭരണം പരിശോധിച്ചപ്പോഴാണ്‌ മോഷണം നടന്നതു വ്യക്‌തമായത്‌. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ അങ്കമാലി പോലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊല്ലം പാരിപ്പിള്ളിയിലെത്തി സബിത താമസിക്കുന്ന വാടക വീട്‌ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടിലില്ലെന്നു മനസിലാക്കിയ പോലീസ്‌ സംഘം അയല്‍വാസിയോട്‌ കലക്‌ട്രേറ്റില്‍ നിന്നാണ്‌ വരുന്നതെന്നും കലക്‌ടറുടെ സാമ്പത്തിക സഹായം വാങ്ങുന്നതിനു പാരിപ്പിള്ളി പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി നല്‍കണമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നു പാരിപ്പിള്ളി പോലീസ്‌ സ്‌റ്റേഷനിലെത്തിയ പ്രതിയെ പോലീസ്‌ അറസ്‌റ്റുചെയ്യുകയായിരുന്നു.

 മുമ്പ്‌ ജോലിക്കുനിന്ന വീടുകളില്‍നിന്നും മോഷണം നടത്തിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌. മോഷണ മുതലുകള്‍ പ്രതിയുടെ വീട്ടില്‍നിന്നും പണയം വച്ച സ്‌ഥാപനത്തില്‍നിന്നും പോലീസ്‌ കണ്ടെടുത്തു. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്‌.ഐ പി.എം. കേഴ്‌സണ്‍, പോലീസുകാരായ ടി.കെ.ജോഷി, ജി.ഹരികുമാര്‍, ജിബി പൗലോസ്‌, സേവ്യര്‍, വനിതാ പോലീസുകാരായ സ്‌മിത, രശ്‌മി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി. (a mangalam report)

No comments:

Post a Comment