Tuesday, September 21, 2010

യാത്രക്കാരില്ല: എയര്‍ഇന്ത്യ 40 സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരില്ലാത്തതിനാല്‍ 40 വിമാനസര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കി. ഇന്നലെ മുതല്‍ ഒക്‌ടോബര്‍ 27 വരെ ഗള്‍ഫിലേക്കു ചാര്‍ട്ടു ചെയ്‌തിരുന്ന സര്‍വീസുകളാണു റദ്ദാക്കിയത്‌. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പ്‌ എയര്‍ഇന്ത്യ നല്‍കിയിട്ടില്ല.

തിരുവനന്തപുരം- ഷാര്‍ജ, തിരുവനന്തപുരം- അബുദാബി, തിരുവനന്തപുരം- ദുബായ്‌ സര്‍വീസുകളാണു റദ്ദാക്കിയത്‌. കഴിഞ്ഞ 16 നു ഇതു സംബന്ധിച്ച അറിയിപ്പ്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ക്കും വിവിധ ഏജന്‍സികള്‍ക്കും എയര്‍ഇന്ത്യ കെമാറി. സര്‍വീസുകള്‍ റദ്ദാക്കിയത്‌ സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നാണു അറിയിപ്പില്‍ പറയുന്നത്‌. എന്നാല്‍ യാത്രക്കാരുടെ കുറവാണു കാരണമെന്നു എയര്‍ഇന്ത്യ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

കഴിഞ്ഞ ആഴ്‌ചയും ഇന്നലെയും ട്രിച്ചിയില്‍ നിന്നും ഉച്ചക്ക്‌ 12.30 നു തിരുവനന്തപുരത്ത്‌ എത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണുണ്ടായിരുന്നത്‌. ഗള്‍ഫില്‍ നിന്നും തിരുവനന്തപുരത്തേക്കു വരാനാണു യാത്രക്കാര്‍ കുറവ്‌. എന്നാല്‍ ഗള്‍ഫിലേക്കു പോകാന്‍ യാത്രക്കാരുടെ കുറവ്‌ അനുഭവപ്പെടാറില്ല.

ഇപ്പോള്‍ തന്നെ നഷ്‌ടത്തിലായതിനാല്‍ യാത്രക്കാരില്ലാതെ സര്‍വീസ്‌ നടത്തി അധികനഷ്‌ടമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണു എയര്‍ഇന്ത്യയുടേത്‌. ഒക്‌ടോബര്‍ 27 വരെയാണു സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്‌. അതു കഴിഞ്ഞശേഷം യാത്രക്കാരുടെ ബാഹുല്യം കണക്കാക്കി സര്‍വീസുകള്‍ തുടരണമോയെന്നു പിന്നീടു തീരുമാനിക്കും.

കഴിഞ്ഞ മാസം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളില്‍ നിന്നുള്ള 201 സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കിയിരുന്നു. ആവശ്യത്തിനുള്ള ജീവനക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നത്‌. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ സര്‍വീസുകള്‍ പുന:സ്‌ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ മറ്റു സ്വകാര്യസര്‍വീസുകളെയാണു കൂടുതലായും ആശ്രയിക്കുന്നത്‌.
-പ്രദീപ്‌ ജി.മുട്ടത്തറ  (mangalam)

No comments:

Post a Comment