പുറത്തായ മാര്‍ ഗ്രിഗോറിയോസ് പുതിയ സഭ സ്‌ഥാപിച്ചു |
കൊച്ചി/പാമ്പാടി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസിനെ 'അന്തോഖ്യാ സിറിയക് ഓര്‍ത്തഡോക്‌സ് സഭ'യില്‍നിന്നു സഭാത്തലവന്‍ മൂസാ ഗൂര്‍ഗാന്‍ മാര്‍ സേവേറിയോസ് പുറത്താക്കി. സഭയുടെ അച്ചടക്കം ലംഘിച്ചിട്ടും ക്ഷമാപണം നടത്താത്തതിനേത്തുടര്‍ന്നാണു നടപടി. പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചു മാര്‍ ഗ്രിഗോറിയോസ് കോട്ടയം അമയന്നൂരിലുള്ള സെന്റ് ജൂഡ് ദയറ ആസ്‌ഥാനമാക്കി 'മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ' സ്‌ഥാപിച്ചു. ഇതോടെ അടുത്തിടെ രൂപീകൃതമായ 'അന്തോഖ്യാ സിറിയക് ഓര്‍ത്തഡോക്‌സ് സഭ' പിളര്‍ന്നു. മൂസാ ഗൂര്‍ഗാന്റെ നടപടി സുന്നഹദോസിന്റെ അനുമതിയില്ലാതെയാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ചില മെത്രാന്മാരും വൈദികരും നടത്തിയ ഗൂഢാലോചനയാണു പുറത്താക്കലിനു പിന്നിലെന്നും മാര്‍ ഗ്രിഗോറിയോസ് ചൂണ്ടിക്കാട്ടി. ബദല്‍ അന്തോഖ്യാ പാത്രിയര്‍ക്കീസാകണമെന്ന ഗൂര്‍ഗാന്റെ ആഗ്രഹത്തെ എതിര്‍ത്തതും പുറത്താക്കാന്‍ കാരണമായെന്നാണു സൂചന. ഗൂര്‍ഗാനെ പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കാന്‍ അമേരിക്കയില്‍ ചേരുന്ന സുന്നഹദോസില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെന്നും ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുള്ളപ്പോള്‍ മറ്റൊരു പാത്രിയര്‍ക്കീസിന് പ്രസക്‌തിയില്ലെന്ന നിലപാട് അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗൂര്‍ഗാന്‍ വാഴിച്ച മലയാളി മെത്രാന്മാരും അവര്‍ വാഴിച്ച വൈദികരും ശെമ്മാശന്മാരും നിരവധി വിശ്വാസികളും ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭയില്‍ ചേരാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. പുതിയ സഭയ്‌ക്കു വൈകാതെ ഭരണഘടന ഉണ്ടാകും. കൂടുതല്‍ പള്ളികള്‍ സ്‌ഥാപിക്കാനും വൈദികരെ വാഴിക്കാനുമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ മുഖപത്രമായി, അമയന്നൂര്‍ ദയറായില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'തദ്ദേവൂസി'ല്‍ ഇന്ത്യയില്‍ സ്വതന്ത്രചുമതലയുള്ള ഒരു പരമാധ്യക്ഷനെ നിയമിക്കണമെന്ന പ്രഖ്യാപനം വന്നതാണു സഭയിലെ പ്രതിസന്ധികള്‍ക്കു തുടക്കം കുറിച്ചത്. ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ വൈദികനെ ബിഷപ്പായി വാഴിക്കാനുള്ള നീക്കം വിവാദ ജര്‍മന്‍ മെത്രാന്‍ തടഞ്ഞതു പ്രതിസന്ധിക്ക് ആക്കംകൂട്ടി. (mangalam) |
Tuesday, September 21, 2010
ക്രിസ്തുവിന്റെ നാമത്തില്‍ !
Subscribe to:
Post Comments (Atom)
No comments:
Post a Comment