Sunday, September 26, 2010

സ്‌നേഹാമൃതവര്‍ഷത്തില്‍ അമൃതപുരി; അമ്മയ്‌ക്ക് ഇന്നു പിറന്നാള്‍മധുരം


കൊല്ലം: സ്‌നേഹത്തിന്റെ അമൃതവര്‍ഷം കൊണ്ട്‌ ലോകത്തെ ധന്യമാക്കിയ മാതാ അമൃതാനന്ദമയിക്ക്‌ ഇന്ന്‌ 57-ാം പിറന്നാള്‍. രാവിലെ നടക്കുന്ന ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനും അമ്മയെ ദര്‍ശിക്കാനുമായി ഇന്നലെ മുതല്‍ ആയിരങ്ങള്‍ അമൃതപുരിയില്‍ എത്തിത്തുടങ്ങി. അമൃത വിശ്വവിദ്യാപീഠം അങ്കണത്തില്‍ തയാറാക്കിയ വിശാലമായ വേദിയിലാണു ചടങ്ങുകള്‍. ആഘോഷങ്ങളില്‍ മൂന്നുലക്ഷത്തില്‍പരം ഭക്‌തര്‍ പങ്കെടുക്കും.

കേന്ദ്ര സഹമന്ത്രിമാരായ ശ്രീപ്രകാശ്‌ ജയ്‌സ്വാള്‍, ഗുരുദാസ്‌ കമ്മത്ത്‌, കെ.വി. തോമസ്‌, സംസ്‌ഥാന പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി തുടങ്ങിയവരും എത്തും. വിപുലക്രമീകരണങ്ങളാണ്‌ അമൃതപുരിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്‌. ഇന്നലെ രാവിലെ മുതല്‍ കനത്ത പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തി. വിദേശങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന ഭക്‌തജനങ്ങളെ സഹായിക്കാന്‍ സന്നദ്ധ സേവകരും വിദ്യാര്‍ഥികളും രംഗത്തുണ്ട്‌. ഇന്നലെ വൈകിട്ട്‌ അമൃതവിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

ഇന്നു രാവിലെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന്‌ ലോകശാന്തിക്കും സമാധാനത്തിനുമായി സ്‌ത്രീകള്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമാര്‍ച്ചന. 7.30-ന്‌ സ്വാമി തുരിയാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. ഇതിനു ശേഷം സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം.

അമൃത മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിന്റെ അകമ്പടിയോടെ രാവിലെ ഒന്‍പതിനു മാതാ അമൃതാനന്ദമയിയെ പൂര്‍ണകുംഭം നല്‍കി വേദിയിലേക്ക്‌ ആനയിക്കും. മാതാ അമൃതാനന്ദമയിയുടെ പാദപൂജയ്‌ക്കു സന്യാസിശിഷ്യര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണം. 11-ന്‌ ആരംഭിക്കുന്ന ജയന്തിസമ്മേളനത്തില്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതമോതും.

വൈദിക-വൈജ്‌ഞാനിക-ആത്മീയ-താന്ത്രിക മേഖലകളിലെ പ്രതിഭകളെ ആദരിക്കാന്‍ മഠം നല്‍കുന്ന അമൃതകീര്‍ത്തി പുരസ്‌കാരത്തിന്‌ അര്‍ഹനായ കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്‌ചാന്‍സലര്‍ ഡോ.എന്‍.പി. ഉണ്ണിക്കു കേന്ദ്ര കല്‍ക്കരി സഹമന്ത്രി ശ്രീപ്രകാശ്‌ ജയ്‌സ്വാള്‍ പുരസ്‌കാരം സമ്മാനിക്കും.

അമൃതാനന്ദമയി മഠത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അമൃത സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളായ ഒരു ലക്ഷത്തില്‍പരം വനിതകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പുവരുത്തുന്ന അമൃതസുരക്ഷാ പദ്ധതിക്കു ജയന്തിദിനത്തില്‍ തുടക്കമാകും. എല്‍.ഐ.സിയുടെ സഹകരണത്തോടെ മഠം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്‌ഘാടനം കേന്ദ്ര വിവരസാങ്കേതിക സഹമന്ത്രി ഗുരുദാസ്‌ കമ്മത്ത്‌ നിര്‍വഹിക്കും.

നിരാലംബരായ സ്‌ത്രീകള്‍ക്കും വിധവകള്‍ക്കും മാസംതോറും മഠം നല്‍കുന്ന അമൃതനിധി പെന്‍ഷന്‍ പദ്ധതിയുടെ വിപുലീകരണ ഉദ്‌ഘാടനം കേന്ദ്ര ഭക്ഷ്യവകുപ്പു സഹമന്ത്രി കെ.വി. തോമസ്‌ നിര്‍വഹിക്കും. വിദ്യാമൃതം വിദ്യാസഹായനിധിയുടെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഗുണഭോക്‌താക്കള്‍ക്കുള്ള വിദ്യാമൃതം വിതരണം നിര്‍വഹിക്കുന്നതു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയാണ്‌. അമേരിക്കന്‍ സാഹിത്യകാരി ജൂഡിത്ത്‌ കോര്‍ണല്‍ മാതാ അമൃതാനന്ദമയിയുടെ ജീവിതത്തെ ആസ്‌പദമാക്കി രചിച്ച ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവും നടക്കും. അമൃത ബുക്‌സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ജീവചരിത്രം 'ശ്രീമാതാഅമൃതാനന്ദമയി ദേവി','അമ്മാസ്‌ ഹാര്‍ട്ട്‌', 'മാതൃവാണി' ജന്മദിന പതിപ്പ്‌ എന്നിവയുടെ പ്രകാശനവും ഒന്‍പതു ഭാരതീയ ഭാഷകളില്‍ മഠം ആരംഭിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.

കേരളത്തിലെ വിവിധ അമൃത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പരിസര ശുചീകരണം തങ്ങളുടെ കര്‍ത്തവ്യമാണെന്ന ദൃഢപ്രതിജ്‌ഞയെടുക്കും. തുടര്‍ന്ന്‌ സമൂഹവിവാഹം. നിര്‍ദ്ധനരായ യുവതി-യുവാക്കളുടെ വിവാഹത്തിനുള്ള വസ്‌ത്രം, ആഭരണങ്ങള്‍ തുടങ്ങിയ ചെലവുകള്‍ മഠം വഹിക്കും. 25,000 നിര്‍ധന യുവതികള്‍ക്കുള്ള വസ്‌ത്രവിതരണവും നടക്കും. തുടര്‍ന്ന്‌ മാതാ അമൃതാനന്ദമയിയുടെ ദര്‍ശനം. ഇതോടൊപ്പം പ്രധാനവേദിയുടെ ഇരുവശങ്ങളിലുമുള്ള ഉപവേദികളില്‍ കലാപരിപാടികളും പ്രശസ്‌ത അമേരിക്കന്‍ റാപ്പ്‌ സംഗീതജ്‌ഞന്‍ ഡഗ്‌ ഇ ഫ്രഷിന്റെ സംഗീതവിരുന്നും ആഘോഷപരിപാടികള്‍ക്കു മാറ്റേകും.

അമൃതപുരിയിലെ പ്രധാന പന്തലിനു രണ്ടു ലക്ഷത്തിലേറെ ചതുരശ്രഅടി വിസ്‌തീര്‍ണമുണ്ടാകും. പന്തലില്‍ ഇരിക്കുന്ന ഭക്‌തജനങ്ങള്‍ക്ക്‌ അവരവരുടെ ഇരിപ്പിടങ്ങളില്‍തന്നെ കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്‌. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങളും പന്തലിനോടു ചേര്‍ന്ന്‌ ഒരുക്കിയിട്ടുണ്ട്‌. പന്തലിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുനൂറില്‍പരം താല്‍ക്കാലിക ശൗചാലയങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. മുഖ്യവേദിക്ക്‌ 70 അടി നീളവും 40 അടി വീതിയുമുണ്ട്‌. നൂറില്‍പരം ഭക്ഷണ കൗണ്ടറുകളുണ്ട്‌. അമൃതവിശ്വവിദ്യാപീഠത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്‌ഥാപനത്തിലെ വിദ്യാര്‍ഥികളാണ്‌ ഇവയുടെ മേല്‍നോട്ടം വഹിക്കുക (mangalam).

No comments:

Post a Comment