Sunday, September 26, 2010

അസംഘടിത മേഖലയ്‌ക്കായി പെന്‍ഷന്‍ പദ്ധതി
ജംഗിപുര്‍ (പശ്‌ചിമബംഗാള്‍): അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജി പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ 78-ാം ജന്മദിനമായ ഇന്നലെ പശ്‌ചിമ ബംഗാളിലെ മുര്‍ഷിദാബാദ്‌ ജില്ലയില്‍ ഒരു പരിപാടിയുടെ ഉദ്‌ഘാടനവേളയിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

സാമൂഹിക സുരക്ഷിതത്വമില്ലാത്ത വിഭാഗങ്ങള്‍ക്കായാണു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതെന്നു പ്രണബ്‌ പറഞ്ഞു. 'സ്വാവലംബന്‍' എന്ന പദ്ധതിപ്രകാരം ഓരോ തൊഴിലാളിയുടെയും പ്രതിവര്‍ഷ വരിസംഖ്യയായ 12,000 രൂപയില്‍ 1000 രൂപ സര്‍ക്കാര്‍ വിഹിതമായിരിക്കും. 2010-11 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പദ്ധതിക്കായി 100 കോടി രൂപ നീക്കിവച്ചിരുന്നു. പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യ(പി.എഫ്‌.ആര്‍.ഡി.എ.)യാണ്‌ മേല്‍നോട്ടം വഹിക്കുക. രാജ്യത്തെ 87 ശതമാനം തൊഴിലാളികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു ധനമന്ത്രി പറഞ്ഞു. 18-ാം വയസില്‍ ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക്‌ 60-ാം വയസില്‍ പെന്‍ഷന്‍ ലഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള എട്ടുകോടിയോളം ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നില്ല. അടുത്ത 17-18 വര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ ലഭിക്കാത്തവരുടെ സംഖ്യ 20 കോടിയിലെത്തും. 60 വയസില്‍ പെന്‍ഷന്‍കാര്‍ക്കു തങ്ങളുടെ വിഹിതത്തില്‍ 60 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള 40ശതമാനത്തില്‍ നിന്ന്‌ എല്‍.ഐ.സി വഴി മാസം തോറും പെന്‍ഷന്‍ ലഭ്യമാകും.

എല്‍.ഐ.സിയാവും ഗുണഭോക്‌താക്കളില്‍നിന്ന്‌ വരിസംഖ്യ പിരിക്കുക. ബജറ്റ്‌ വേളയില്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സംസ്‌ഥാനസര്‍ക്കാരുകളോടും പദ്ധതിയുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു. സംസ്‌ഥാനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ കൂടുതല്‍ തുക പെന്‍ഷനായി ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ മുഖര്‍ജി പറഞ്ഞു. എന്നാല്‍ ഹരിയാനയും കര്‍ണാടകയും മാത്രമാണ്‌ പദ്ധതി സംബന്ധിച്ച്‌ പ്രതികരിച്ചത്‌-അദ്ദേഹം പറഞ്ഞു.(mangalam)

No comments:

Post a Comment