Friday, September 3, 2010

ജി.എസ്‌.എല്‍.വി. എം.കെ. 3: ദ്രവ ഇന്ധനഘട്ട പരീക്ഷണം എട്ടിന്‌
ബംഗളുരു: അത്യാധുനിക ശ്രേണിയില്‍പ്പെട്ടതും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമായ ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ (എം.കെ) 3 റോക്കറ്റിന്റെ ദ്രവ ഇന്ധനഘട്ട പരീക്ഷണം എട്ടിനു നടക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. ആറുമാസം മുമ്പു നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

ആദ്യമായി രണ്ട്‌ എന്‍ജിനുകള്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ജി.എസ്‌.എല്‍.വി. എം.കെ. 3 റോക്കറ്റിനുണ്ട്‌. കൂടുതല്‍ പ്രവേഗം ആവശ്യമായതിനാലാണ്‌ രണ്ടു വികാസ്‌ എന്‍ജിനുകള്‍ ഉപയോഗിക്കുന്നത്‌.

മഹേന്ദ്രഗിരിയില്‍ ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കുന്ന പരീക്ഷണം വീക്ഷിക്കാന്‍ ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണനും എത്തിയേക്കുമെന്ന്‌ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷണം 200 സെക്കന്‍ഡ്‌ നീളും. മാര്‍ച്ച്‌ അഞ്ചിനു നടത്തിയ പരീക്ഷണം നിയന്ത്രിത സംവിധാനത്തില്‍ നേരിയ ചോര്‍ച്ച കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 150 സെക്കന്‍ഡ്‌ എത്തിയപ്പോഴേക്കും നിര്‍ത്തിവച്ചിരുന്നു.

നാലു ടണ്‍ ശ്രേണിയിലെ ഉപഗ്രഹങ്ങളെ ഭൂസ്‌ഥിര ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യമിട്ടു വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്‌ 17 മീറ്റര്‍ നീളവും നാലു മീറ്റര്‍ വ്യാസവുമാണുള്ളത്‌.
(mangalam)

No comments:

Post a Comment