Friday, September 3, 2010

ഗൃഹപ്രവേശച്ചടങ്ങിന്‌ തലേന്നാള്‍ വീട്ടമ്മ മോഷണക്കേസില്‍ പിടിയില്‍
ചേര്‍ത്തല: വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിന്‌ തലേന്നാള്‍ വീട്ടമ്മ സ്വര്‍ണാഭരണ മോഷണക്കേസില്‍ അറസ്‌റ്റിലായി. പാണാവള്ളി ചിറയ്‌ക്കല്‍ വീട്ടില്‍ ശോഭ (38)യെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഇന്നലെ ഉച്ചയ്‌ക്കുശേഷം നടയ്‌ക്കാവ്‌ റോഡിലുള്ള സ്വര്‍ണ്ണക്കടയിലെത്തിയ ശോഭ വള ആവശ്യപ്പെടുകയും മുക്കാല്‍പവന്‍ തൂക്കമുള്ള വള തെരഞ്ഞെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പേഴ്‌സിലെ പണം കാണാതായതായി പറയുകയും സമീപത്തെ വസ്‌ത്രവ്യാപാരശാലയിലുള്ള ബന്ധുവില്‍നിന്ന്‌ പണം വാങ്ങി വരാമെന്നു പറഞ്ഞ്‌ വളയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നെന്നു പോലീസ്‌ പറഞ്ഞു. കടയില്‍ നിന്നു പുറത്തിറങ്ങിയ ഇവരെ സംശയം തോന്നി ജീവനക്കാര്‍ തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ്‌ ശോഭയെ കസ്‌റ്റഡിയിലെടുത്തശേഷം നടത്തിയ പരിശോധനയില്‍ വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണവള കണ്ടെത്തി. പേഴ്‌സില്‍നിന്ന്‌ 2500-ഓളം രൂപയും മറ്റൊരു കടയില്‍നിന്ന്‌ വാങ്ങിയ സ്വര്‍ണക്കമ്മലും ബില്ലും കണ്ടെടുത്തു. കൈവശമുണ്ടായിരുന്ന പണം എങ്ങനെയോ നഷ്‌ടപ്പെട്ടെന്നും വെപ്രാളത്തിനിടെ സംഭവിച്ചുപോയതാണെന്നും ശോഭന പോലീസിനോടു പറഞ്ഞു. കയര്‍ത്തൊഴിലാളിയായ ഇവര്‍ക്ക്‌ തൈക്കാട്ടുശേരി ബ്ലോക്കുപഞ്ചായത്ത്‌ നിര്‍മിച്ച്‌ നല്‍കിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന്‌ നടത്താന്‍ നിശ്‌ചയിച്ചിരിക്കുകയായിരുന്നു
(mangalam)

No comments:

Post a Comment