മറികടന്നതു കഠിനപരീക്ഷകള്‍; ഒടുവില്‍ ചാരിതാര്‍ഥ്യത്തിന്റെ പുലര്‍വെട്ടം | ||
അഞ്ചുപകലിരവുകള്‍ നീണ്ട നൃത്തപ്രകടനം ഹേമലത ഇന്നലെ പുലര്‍ച്ചെ 2.40 നാണ് അവസാനിപ്പിച്ചത്. ശനിയാഴ്‌ച രാത്രി 9.32നു തന്നെ ഹേമലത നിലവിലെ ഗിന്നസ് റെക്കോഡ് (108 മണിക്കൂര്‍) മറികടന്നിരുന്നു. 120 മണിക്കൂര്‍ പ്രകടനം ലക്ഷ്യമിട്ടു നൃത്തം തുടര്‍ന്നെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ ക്ഷീണം കാരണം അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും 112 മണിക്കൂര്‍ 45 മിനിറ്റ് സമയം കുറിച്ചിരുന്നു. വിശ്രമസമയം കണക്കാക്കാതെ നോക്കിയാല്‍ തന്റെ മോഹിനിയാട്ട സപര്യ 123 മണിക്കൂര്‍ പിന്നിട്ടതായി ഹേമലത പറഞ്ഞു. ഹേമലതയുടെ പേര് ഗിന്നസ് ബുക്കില്‍ കുറിക്കുന്നതിന് ഇനി ചില നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഇതിനായി നൃത്തപ്രകടനത്തിന്റെ സി.ഡികള്‍, ഫോട്ടോകള്‍, സന്ദര്‍ശക ഫയലിന്റെ പകര്‍പ്പ്, മേയര്‍ അടക്കം പ്രമുഖ വ്യക്‌തികളുടെ സാക്ഷ്യം എന്നിവ ലണ്ടനിലേക്ക് അയച്ചുകൊടുക്കുമെന്നു ഭര്‍ത്താവ് പി.ബി. ജയന്‍ പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഗിറ്റാറിലെ ഗിന്നസ് ജേതാവും നാട്ടുകാരനുമായ സെബാസ്‌റ്റ്യന്‍ ഒപ്പമുണ്ട്. ആദ്യദിനം വളരെ ഉത്സാഹപൂര്‍വം നൃത്തം തുടങ്ങിയ തനിക്കു രണ്ടും മൂന്നും ദിവസങ്ങളിലാണു കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിട്ടതെന്നു ഹേമലത അനുസ്‌മരിച്ചു. രണ്ടാം ദിവസം കടുത്ത ശരീര വേദനയും ചെറിയ വിറയലും മൂത്രശങ്കയുമുണ്ടായി. അസഹനീയമായ വയറുവേദനയിലും മോഹിനിയാട്ടം തുടരുകയായിരുന്നു. കഴിഞ്ഞ തവണ നൃത്തസപര്യ അവസാനിപ്പിക്കേണ്ടി വന്ന 64-ാം മണിക്കൂറെത്തിയപ്പോള്‍ താന്‍ വളരെയേറെ വികാരധീനയായി. ഗുരുവായൂരപ്പനെ മനസില്‍ വിചാരിച്ച് ഈ ഘട്ടവും മറികടന്നു. നാലാം ദിനത്തിലെ പുലരി പ്രത്യാശയുടേതായിരുന്നു. റെക്കോഡ് സൃഷ്‌ടിക്കാനാകുമെന്ന് ഇതോടെ ഉറപ്പായി- ഹേമലത പറഞ്ഞു. മോഹിനിയാട്ടം കുറേക്കൂടി ശ്രദ്ധിക്കപ്പെട്ടതും കുറച്ചുകൂടി ആസ്വാദകരുണ്ടായിരുന്നതുമാണു തന്റെ റെക്കോഡ് പ്രകടനത്തിന്റെ നേട്ടമെന്നു ഹേമലത പറഞ്ഞു. മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനായി ഇനി വേറിട്ട പരിപാടികള്‍ ആവിഷ്‌കരിക്കും. കലാസ്‌നേഹികളില്‍നിന്ന് അഭിനന്ദങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹമുണ്ടായപ്പോഴും കലാകാരന്മാരില്‍നിന്ന് ഇനിയും ഗൗരവമായ പ്രതികരണങ്ങളുണ്ടാകാത്തതില്‍ ഹേമലതയ്‌ക്കു തെല്ലു നിരാശയുണ്ട്. കലാപ്രകടനം നടന്ന റീജണല്‍ തീയറ്ററില്‍ ഇന്നലെ വൈകിട്ട് അനുമോദന യോഗം ചേര്‍ന്നിരുന്നു. അശ്വിനി ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്‌ക്കുശേഷം ഹേമലത നന്ദിപ്രകാശനത്തിനായി വേദിയിലെത്തുകയും ചെയ്‌തു. (mangalam) | ||
====================================================== |
Sunday, September 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment