പ്രമേഹമരുന്ന് 'അവന്തിയ' അപകടകാരി; നിരോധിക്കണമെന്ന് ഡോക്‌ടര്‍മാര്‍ |
ന്യൂഡല്‍ഹി: 'അവന്തിയ' എന്ന പ്രമേഹ മരുന്നു നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യയില്‍നിന്നുള്ള ഡോക്‌ടര്‍മാരും രംഗത്ത്. അവന്തിയ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കു കാരണമാകുമെന്ന പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്. ടൈപ്പ് രണ്ട് പ്രമേഹ സംഹാരിയായാണ് അവന്തിയ ഉപയോഗിക്കുന്നത്. 'ഇന്‍സുലിന്‍ സെന്‍സിറ്റൈസറാ'യി ഉപയോഗിക്കുന്ന അവന്തിയ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ പ്രയോജനപ്പെടുമെന്നാണു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പ്രമേഹരോഗികളില്‍ ദോഷഫലത്തിനു കാരണമാകുമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു വിവിധ രാജ്യങ്ങള്‍ ഈ മരുന്നിന്റെ വില്‍പനയില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ മരുന്നിനു നിയന്ത്രിത ഉപയോഗം ഏര്‍പ്പെടുത്തിയപ്പോള്‍ യൂറോപ്യന്‍ ഡ്രഗ് റഗുലേറ്റര്‍മാര്‍ നിരോധനമാണ് നടപ്പാക്കിയത്. രണ്ടുവര്‍ഷമായി മരുന്നുവിപണിയിലെ വിവാദനാമമാണ് അവന്തിയ. ഇതുപയോഗിക്കുന്ന പ്രമേഹരോഗികള്‍ക്കു ഹൃദ്രോഗത്തിനുള്ള സാധ്യതയേറെയാണെന്ന കണ്ടെത്തലാണ് അവന്തിയയുടെ വിശ്വാസ്യതയ്‌ക്കു ചോദ്യചിഹ്നമായത്. അവന്തിയ ഉപദ്രവകാരിയാണെന്ന സാക്ഷ്യവുമായി പ്രമുഖ ഡോക്‌ടര്‍മാരും രംഗത്തെത്തിയതോടെ ഇന്ത്യയിലും വിവാദം കൊഴുക്കുകയായിരുന്നു. ഇന്ത്യയില്‍ ഏഴോളം കമ്പനികള്‍ അവന്തിയ നിര്‍മിക്കുന്നുണ്ട്. രോഗിയുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന അവന്തിയ പടിപടിയായി വിപണിയില്‍നിന്നു പിന്‍വലിക്കണമെന്നാണ് ഡല്‍ഹി ഡയബറ്റീസ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ഡോ. അശോക് ഝിംഗന്‍ അഭിപ്രായപ്പെട്ടത്. പ്രമേഹത്തിനു പ്രതിവിധിയായി പ്രസ്‌തുത മരുന്നു നിര്‍ദേശിക്കുന്നതു ഡോക്‌ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മരുന്നു പരിപൂര്‍ണമായി നിരോധിക്കുന്നതിനുമുമ്പ് ഒരു സര്‍വേ സംഘടിപ്പിക്കണമെന്ന അഭിപ്രായവും ശക്‌തമാണ്. |
(mangalam) |
Sunday, September 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment