അട്ടപ്പാടിയിലെ ഭൂമിക്കച്ചവടങ്ങള്‍ക്ക് ചെലവഴിച്ചതു തട്ടിപ്പിലൂടെ ലഭിച്ച പണം |
അഗളി: അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനിക്കു വേണ്ടി ആദിവാസികളുടെ ഭൂമികള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ട സംഭവത്തിലും കാറ്റാടി പദ്ധതിക്കായി അട്ടപ്പാടിയില്‍ കോടികളുടെ ഭൂമിക്കച്ചവടങ്ങള്‍ നടന്നതിനു പിന്നിലും ചെലവഴിക്കപ്പെട്ടതു മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചു നടന്ന 'ടോട്ടല്‍ ഫോര്‍ യു' മോഡല്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പണമെന്നു സൂചന. ഈ കേസില്‍ മുഖ്യപ്രതിയായ കൊല്ലം സ്വദേശിനി ഒരാഴ്‌ചക്കാലം അഹാഡ്‌സിന്റെ അതിഥി ഭവനത്തില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഭൂമികച്ചവട വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അഹാഡ്‌സിലെ അസി. ഡയറക്‌ടറുടെ അനുജന്റെ ഭാര്യാസഹോദരിയാണ് ഈ യുവതി. ഇവരുമായി ബന്ധപ്പെട്ട് അഹാഡ്‌സ് കേന്ദ്രീകരിച്ചു ഭൂമി കച്ചവടം സംബന്ധിച്ച് വന്‍ ഗൂഢാലോചനകള്‍ നടന്നിട്ടുള്ളതായി ആരോപണമുള്ളത്. ഈ സമയത്തു തന്നെയായിരുന്നു കാറ്റാടി പദ്ധതി നടപ്പാക്കാന്‍ സുസ്‌ലോണ്‍ കമ്പനി അട്ടപ്പാടിയിലെത്തുന്നതും പണം മുടക്കി ഷെയര്‍ എടുക്കുന്നവര്‍ക്കു വേണ്ടി ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുക, ലാഭവിഹിതം നല്‍കുക തുടങ്ങിയ വാഗ്‌ദാനങ്ങള്‍ നല്‍കിയാണു യുവതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്‌റ്റ് മണ്ണാര്‍ക്കാട് കേന്ദ്രമാക്കി പണപ്പിരിവു നടത്തി ലക്ഷങ്ങള്‍ തട്ടിയത്. മണ്ണാര്‍ക്കാടുള്ള ഒരു അഭിഭാഷകനും ഈ തട്ടിപ്പില്‍ മുഖ്യ പങ്കുവഹിച്ചിരുന്നുവത്രേ. ഇപ്പോള്‍ കാറ്റാടി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു പ്രധാന പ്രതിയായ ബിനു എസ്.നായര്‍ക്കു വേണ്ടി ഭൂമിയുടെ രേഖകള്‍ പരിശോധിച്ചു 'ക്ലിയറന്‍സ്' നല്‍കുന്നതും ഈ അഭിഭാഷകനാണത്രെ. 2005 ലായിരുന്നു ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പ് മണ്ണാര്‍ക്കാട്ട് അരങ്ങേറിയത്. നിരവധി നിരപരാധികളുടെ സമ്പാദ്യമാണ് നഷ്‌ടമായത്. ഈ തട്ടിപ്പില്‍ അഹാഡ്‌സിലെ ചില ഉദ്യോഗസ്‌ഥര്‍ക്കും പങ്കുണ്ടെന്നു മുമ്പുതന്നെ ആരോപണമുയര്‍ന്നിരുന്നു. സുസ്‌ലോണ്‍ കമ്പനിക്കായി അട്ടപ്പാടിയുടെ കാലാവസ്‌ഥയും ഭൂമിശാസ്‌ത്രവും സംബന്ധിച്ച ആധികാരിക രേഖകള്‍ അഹാഡ്‌സില്‍ നിന്നു ചോര്‍ത്തപ്പെട്ടതും ഈ സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. അഹാഡ്‌സ് അസി.ഡയറക്‌ടര്‍ വി.എച്ച്. ദിരാറുദീന്‍ കാവുണ്ടിക്കല്ലില്‍ ഭൂമി ഇടപാടു നടത്തിയതും കാറ്റാടി ഭൂമിതട്ടിപ്പു കേസിലെ മുഖ്യപ്രതി ബിനു എസ്.നായരുടെ ഭാര്യ സിന്ധുവിനു ഭൂമി വില്‍പനയ്‌ക്കുള്ള മുക്‌ത്യാര്‍ രജിസ്‌റ്റര്‍ ചെയ്‌തു നല്‍കിയതും ഈ ദിവസങ്ങളില്‍ അവധിയെടുക്കാതെ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയായിരുന്നു. ബിനു എസ്. നായര്‍, അഹാഡ്‌സ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷജത്നന്‍ എന്നിവര്‍ക്കൊപ്പം 2006 നവംബര്‍ 20 നു കാവുണ്ടിക്കല്ലിലുള്ള പത്തേക്കര്‍ ഭൂമിയുടെ ആധാരം നടത്തിയതും കാവുണ്ടിക്കല്ലില്‍ സ്വന്തം പേരില്‍ വാങ്ങിയ ഭൂമി വില്‍പന നടത്താന്‍ ബിനുവിന്റെ ഭാര്യ സിന്ധുവിനു മുക്‌ത്യാര്‍ രജിസ്‌റ്റര്‍ ചെയ്‌തു നല്‍കിയതും അഹാഡ്‌സിലെ അറ്റന്‍ഡന്‍സ് രജിസ്‌റ്ററില്‍ രണ്ടു നേരം കൃത്യമായി ഹാജര്‍ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. -സന്തോഷ് അട്ടപ്പാടി (a mangalam report) |
Thursday, September 23, 2010
അഴിമതി ....തട്ടിപ്പ്... നമ്മുടെ നാടിന്റെ ശാപം.
Subscribe to:
Post Comments (Atom)
No comments:
Post a Comment