Thursday, September 23, 2010

അഴിമതി ....തട്ടിപ്പ്..... നമ്മുടെ നാടിന്റെ ശാപം.

വ്യാപാരി സംഘടന ബാങ്കില്‍ തുക തിരിച്ചടച്ചില്ല; വായ്‌പയെടുത്തവര്‍ വെട്ടില്‍
അടിമാലി: സി.പി.എം. അനുഭാവത്തിലുള്ള വ്യാപാരി സംഘടന രണ്ടു കോടിയോളം രൂപ തിരിച്ചടയ്‌ക്കാത്തതുമൂലം വായ്‌പ എടുത്തവര്‍ ജപ്‌തി നടപടി നേരിടുന്നു. പ്രശ്‌നപരിഹാരത്തിനായി ഇന്നലെ നടത്തിയ അദാലത്ത്‌ ബഹളത്തില്‍ മുങ്ങി.

വ്യാപാരി വ്യവസായി സമിതിയും എസ്‌.ബി.ടിയുമായി ചേര്‍ന്ന്‌ നടപ്പാക്കിയ ട്രേഡേഴ്‌സ് സ്‌പെഷല്‍ വായ്‌പാ പദ്ധതിയിലാണു വന്‍ തിരിമറി നടന്നത്‌. സമിതിയില്‍ അംഗമായിട്ടുള്ള വ്യാപാരികള്‍ക്കു ബാങ്ക്‌ മുഖേന ഇരുപത്തയ്യായിരം മുതല്‍ ലക്ഷങ്ങള്‍വരെ വായ്‌പ നല്‍കുകയായിരുന്നു. തിരിച്ചടവ്‌ സമിതി ദിവസ കളക്ഷനായി സ്വരൂപിച്ചെങ്കിലും തുക ബാങ്കില്‍ അടച്ചില്ല. ഇതേത്തുടര്‍ന്ന്‌ കൃത്യമായി തിരിച്ചടച്ചവര്‍ക്കുപോലും വായ്‌പ കുടിശികയുള്ളതായി കാണിച്ച്‌ ബാങ്കില്‍നിന്ന്‌ നോട്ടീസ്‌ അയച്ചു.

ഇതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. ഇവര്‍ പരാതിയുമായി സമിതി നേതൃത്വത്തിലുള്ള സംഘത്തിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ ഇടപാടില്‍ ഉണ്ടായ പിശകാണെന്നും ഉടന്‍ പരിഹരിക്കാമെന്നും ബോധ്യപ്പെടുത്തി ഈ തുക ബാങ്കിലടച്ചു. ഇതിനിടെ ഭാരവാഹികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതാണ്‌ സ്‌ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയത്‌. പിന്നീട്‌ സമിതിയുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും വായ്‌പ എടുത്തവര്‍ പെരുവഴിയിലാകുകയുമായിരുന്നു.

തുടര്‍ന്ന്‌ ഇടപാടുകാര്‍ക്ക്‌ നോട്ടീസ്‌ നല്‍കി അദാലത്തിനെത്താന്‍ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച്‌ ഇന്നലെ നടത്തിയ അദാലത്തില്‍ നൂറ്റമ്പതോളം പേര്‍ എത്തിയിരുന്നു. അദാലത്തില്‍ പണം അടച്ചവര്‍ക്ക്‌ ബാങ്ക്‌ ആനുപാതികമായ ഇളവ്‌ നല്‍കി. മുപ്പതോളം പേര്‍ ജപ്‌തി നടപടിയില്‍നിന്ന്‌ ഒഴിവായി. അവശേഷിക്കുന്ന കുടിശികക്കാര്‍ അഞ്ച്‌ പ്രതിനിധികളെ തെരഞ്ഞെടുത്ത്‌ ബാങ്ക്‌ അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തില്‍ ഏതാനും മാസത്തേക്കു കൂടി ജപ്‌തി നടപടിയില്‍ ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.


കബളിപ്പിക്കപ്പെട്ടവരെ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അഡീഷണല്‍ ജനറല്‍ മാനേജര്‍, ശാഖാ മാനേജര്‍, ചീഫ്‌ മാനേജര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്‌. ഒരുലക്ഷത്തോളം രൂപ വായ്‌പ എടുത്ത വ്യാപാരികള്‍ തിരിച്ചടച്ചെങ്കിലും പതിനായിരത്തില്‍ താഴെ മാത്രമാണു ബാങ്കില്‍ സമിതി അടച്ചിട്ടുള്ളത്‌
(a mangalam report)

No comments:

Post a Comment