Friday, September 3, 2010

സ്‌ത്രീ കടപ്പുറത്ത്‌ കൊല്ലപ്പെട്ട സംഭവം: യുവാവ്‌ അറസ്‌റ്റില്‍

കരുനാഗപ്പള്ളി: വീടിനു സമീപം കടപ്പുറത്ത്‌ സ്‌ത്രീയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ കരുനാഗപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ആലപ്പാട്‌ വെള്ളനാത്തുരുത്ത്‌ താനത്തേഴത്തു കിഴക്കതില്‍ ഈശ്വരി(48)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി വെള്ളനാത്തുരുത്ത്‌ കിഴക്കേ വീട്ടില്‍ ബേബിയുടെ മകന്‍ സുനില്‍കുമാറി(30)നെയാണ്‌ കരുനാഗപ്പള്ളി ഡിവൈ.എസ്‌.പി: സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഇന്നലെ രാവിലെ വീട്ടില്‍ നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. ആഗസ്‌റ്റ് 25-ന്‌ രാവിലെ ഈശ്വരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നത്‌: മരിച്ച ഈശ്വരി സംഭവദിവസം വീട്ടില്‍ തനിച്ചായിരുന്നു. 24ന്‌ രാത്രി ഒന്‍പതിന്‌ സുനില്‍കുമാര്‍ ഈശ്വരിയുടെ വീടിന്‌ സമീപമുള്ള വീട്ടില്‍ നിന്നും തടിക്കഷണം ഇളക്കി വരുന്നതിനിടെ ഈശ്വരി ഇയാളെ അസഭ്യം പറയുകയും പിടിച്ചുതള്ളി താഴെയിടുകയും ചെയ്‌തു. പ്രകോപിതനായ സുനില്‍ തടിക്കഷണം കൊണ്ട്‌ ഈശ്വരിയെ ആക്രമിച്ചു. കരഞ്ഞുകൊണ്ട്‌ ഓടിയ ഈശ്വരിയെ കടപ്പുറത്തിട്ട്‌ വീണ്ടും ഇയാള്‍ അടിച്ചു. തലപൊട്ടി രക്‌തംവാര്‍ന്നായിരുന്നു മരണം.

സംഭവത്തിനു ശേഷം പ്രതിക്കായി ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കാന്‍ പോലീസിനായത്‌. മത്സ്യത്തൊഴിലാളിയായ സുനില്‍കുമാര്‍ സംഭവത്തിനു ശേഷവും പതിവുപോലെ പണിക്ക്‌ പോയി. പ്രദേശത്ത്‌ പോലീസ്‌ സംശയിച്ചവരുടെ കൂട്ടത്തില്‍ സുനില്‍കുമാറുമുണ്ടായിരുന്നു.

പട്ടികയിലുണ്ടായിരുന്നവരെ നിരീക്ഷിച്ചുവരുന്നതിനിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. സുനില്‍ കുമാറിനെ സംഭവസ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.

കൃത്യം നടത്തിയ രീതി ഇയാള്‍ പോലീസിനോട്‌ വിശദീകരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കരുനാഗപ്പള്ളി സി.ഐ: ബി.ഗോപകുമാര്‍, എസ്‌.ഐ: ജി.ഗോപകുമാര്‍ എന്നിവരും പ്രതിയെ അറസ്‌റ്റു ചെയ്‌ത സംഘത്തില്‍ ഉണ്ടായിരുന്നു.
(mangalam)

No comments:

Post a Comment