Tuesday, September 21, 2010

മീനച്ചില്‍ പാലം പണിയില്‍ കുരുങ്ങുന്നത്‌ കേരളത്തിലെയാകെ റെയില്‍ ഗതാഗതം
കോട്ടയം: റെയില്‍വേ കൊട്ടിഘോഷിച്ചു നടത്തുന്ന കോട്ടയം മീനച്ചില്‍ പാലം അറ്റകുറ്റപ്പണിമൂലം താളം തെറ്റുന്നതു കേരളത്തിലെയാകെ റെയില്‍ ഗതാഗതം.

ഒരു വര്‍ഷം മുമ്പ്‌ മുളന്തുരുത്തി പാത ഇരട്ടിപ്പിക്കല്‍ വേളയില്‍ പ്രയാസം കൂടാതെ ചെയ്യാമായിരുന്ന അറ്റകുറ്റപ്പണിയാണു പതിനഞ്ചുനാള്‍ തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ഗതാഗതം ഭാഗികമായി സ്‌തംഭിപ്പിച്ചുകൊണ്ടു ഇന്നാരംഭിക്കുന്നത്‌. 1955ല്‍ മീറ്റര്‍ ഗേജായിരുന്നപ്പോഴാണു നൂറുമീറ്റര്‍ നീളമുള്ള മീനച്ചില്‍ പാലം നിര്‍മിച്ചത്‌. അഞ്ചു തൂണുകളാണു പാലത്തിനുള്ളത്‌. 1975ല്‍ ബ്രോഡ്‌ഗേജാക്കിയപ്പോള്‍ രണ്ടു തൂണുകള്‍ മാറ്റി സ്‌ഥാപിച്ചു. ഇപ്പോള്‍ കാലപ്പഴക്കംമൂലം അപകടാവസ്‌ഥയിലായ മൂന്നു തൂണുകളാണു നീക്കുന്നത്‌. ക്രെയിന്‍ ഉപയോഗിക്കാതെ ചെയിന്‍ ബ്ലോക്കുകൊണ്ടു ഗര്‍ഡറുകള്‍ സ്‌ഥാപിക്കുന്നുവെന്ന പ്രത്യേകതയും റെയില്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്‌. കാരക്കോണത്തു നിര്‍മിച്ച ഗര്‍ഡറുകളാണ്‌ ഇതിനായി കൊണ്ടുവരുന്നത്‌.

മുളന്തുരുത്തി പാത ഇരട്ടിപ്പിക്കലിനായി നേരത്തെ രണ്ടാഴ്‌ചയിലേറെയാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. അക്കാലത്തു പാലം അറ്റകുറ്റപ്പണിക്കുകൂടി ഉപയോഗിക്കാവുന്ന യന്ത്രോപകരണങ്ങളെല്ലാം കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റപ്പണിയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുംവിധം രണ്ടാഴ്‌ചയിലേറെ അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നതു പ്രതിഷേധം ഉയരാന്‍ കാരണമായിട്ടുണ്ട്‌.

കോട്ടയംവഴിയുള്ള പാതയില്‍ നിലവില്‍ ശേഷിയുടെ 140 ശതമാനത്തോളം ഗതാഗതത്തിനായി ഉപയോഗിക്കുന്നുണ്ട്‌. ആലപ്പുഴ റൂട്ടിലെ ഉപയോഗമാകട്ടെ 150 ശതമാനമാണ്‌. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുന്നതോടെ പാസഞ്ചര്‍ ട്രെയിനുകളടക്കം നിരവധിയെണ്ണം ക്യാന്‍സല്‍ ചെയ്യേണ്ടിവരും.

ട്രെയിനുകള്‍ കടന്നുപോകുന്നതിനായി വിവിധ സ്‌റ്റേഷനുകളില്‍ 10-15 മിനിറ്റു വരെ മറ്റു ട്രെയിനുകള്‍ പിടിച്ചിടേണ്ടിവരുന്നതുമൂലം തിരുവനന്തപുരം മുതല്‍ ഈറോഡു സ്‌റ്റേഷന്‍വരെ ഗതാഗത കുരുക്കുണ്ടാകാനാണു സാധ്യത. മീനച്ചില്‍ പാലത്തിനുശേഷം എറണാകുളം- കോട്ടയം കായംകുളം റൂട്ടില്‍ നാലു പാലങ്ങള്‍ക്കുകൂടി അറ്റകുറ്റപ്പണി നടത്താനാണത്രേ റെയില്‍വേയുടെ നീക്കം. ഇതു തുടര്‍ന്നും ട്രെയിന്‍ യാത്രക്കാര്‍ക്കു ദുരിതകാലം സമ്മാനിക്കുമെന്ന സൂചനയാണു നല്‍കുന്നത്‌.
-ജി. ഹരികൃഷ്‌ണന്‍ (mangalam)

No comments:

Post a Comment