Tuesday, September 21, 2010

പരിശോധന കഴിഞ്ഞു മടങ്ങവേ ഗര്‍ഭിണി സൗദിയില്‍ അപകടത്തില്‍ മരിച്ചു
Text Size:   
പാമ്പാടി: സൗദി അറേബ്യയിലുണ്ടായ കാറപകടത്തില്‍ മലയാളി യുവതി തല്‍ക്ഷണം മരിച്ചു. സൗത്ത്‌ പാമ്പാടി തലയ്‌ക്കല്‍ വിനോദ്‌ സി. തോമസിന്റെ ഭാര്യയും മണര്‍കാട്‌ മാലം പുത്തറ ബാബുവിന്റെ മകളുമായ അഫ്‌സിമോള്‍ (28) ആണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌ സൗദി അറേബ്യയിലെ അല്‍തായിഫിലാണ്‌ അപകടം.

ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാലുമാസം ഗര്‍ഭിണിയായ അഫ്‌സി ആശുപത്രിയില്‍ പരിശോധനയ്‌ക്കു പോയി മടങ്ങി വരവേ പരിശോധനാ വിവരം കൊല്‍ക്കത്തയില്‍ സി.ഐ.എസ്‌.എഫില്‍ കോണ്‍സ്‌റ്റബിളായ വിനോദുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണു അഫ്‌സി സഞ്ചരിച്ചിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു കാര്‍ ഇടിച്ചത്‌. സൗദിയിലെ ഗിയാ ഹെല്‍ത്ത്‌ സെന്ററിലെ സ്‌റ്റാഫ്‌ നഴ്‌സായിരുന്നു.

ഭാര്യയുമായി സംസാരിക്കുന്നതിനിടയില്‍ ഫോണ്‍ കട്ടായതാവുമെന്നാണ്‌ വിനോദ്‌ കരുതിയിരുന്നത്‌.

അഫ്‌സിയുടെ സുഹൃത്തുക്കള്‍ പിന്നീട്‌ വിനോദിനെ വിളിച്ച്‌ വിവരങ്ങളറിയിക്കുകയായിരുന്നു. അഫ്‌സിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്‌. പാമ്പാടി സ്വദേശിയായ ഒരു വ്യവസായ പ്രമുഖന്‍ സൗദിയിലെ ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കിവരികയാണ്‌. വി.എന്‍. വാസവന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട്‌ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌.

നാലുമാസം മുമ്പ്‌ വിനോദും അഫ്‌സിയും നാട്ടില്‍വന്നിരുന്നു. സ്‌നേഹിച്ച യുവതിക്കുവേണ്ടി എസ്‌.ഐ. സെലക്ഷന്‍ വേണ്ടന്നുവച്ച്‌ വിവാഹം നടത്തിയ ആളാണ്‌ വിനോദ്‌. വിവാഹശേഷം ഒന്നിച്ച്‌ താമസിച്ചത്‌ 40 ദിവസം മാത്രമായിരുന്നു. തങ്കമ്മയാണ്‌ അഫ്‌സിയുടെ മാതാവ്‌. അരുണ്‍ സഹോദരനാണ്‌. (mangalam)

No comments:

Post a Comment