Tuesday, September 21, 2010

തട്ടിപ്പ് ബഹുവിധം

ജോലി വാഗ്ദാനം ചെയ്ത് അഭയാര്‍ഥികളെ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Posted on: 22 Sep 2010

ചെന്നൈ: ശ്രീലങ്കന്‍ അഭയാര്‍ഥികളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 58 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. ചെന്നൈയില്‍ അഭയം തേടിയ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥി സുദര്‍ശനനാണ് അറസ്റ്റിലായത്. 
തിരുച്ചിറപ്പള്ളിക്കടുത്തുള്ള കള്ളിഡാം ടോള്‍ഗേറ്റിനു സമീപം 37 അഭയാര്‍ഥികളെ കയറ്റിക്കൊണ്ടുപോയ ബസ് 'ക്യൂ' ബ്രാഞ്ച് പോലീസ് തടഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ സുദര്‍ശനനും മറ്റു മൂന്നു പേരും ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും ഒന്നരലക്ഷം രൂപ വീതം വാങ്ങിയതായി മനസ്സിലായി. 
അഭയാര്‍ഥികളോട് ഞായറാഴ്ച രാത്രി പുഴലിനു സമീപം എത്താന്‍ സുദര്‍ശനന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ, ശ്രീരംഗത്തെ വിവിധ ക്ഷേത്രങ്ങളില്‍ എത്തിച്ചു. ചെന്നൈ തീരത്ത് കടുത്ത ജാഗ്രതയുള്ളതിനാല്‍ പുതുക്കോട്ട തീരംവഴി ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് കൊണ്ടുപോകാമെന്നാണ് സുദര്‍ശനന്‍ പറഞ്ഞത്. 
മണ്ഡപം, കന്യാകുമാരി, സേലം, നാമക്കല്‍, വാഴവന്തന്‍ കോട്ട തുടങ്ങിയ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് 11 സ്ത്രീകളും അഞ്ചു കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് കടത്താന്‍ ശ്രമിച്ചത്. 
സുദര്‍ശനനനെതിരേ വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മറ്റു മൂന്നുപേര്‍ ഒളിവിലാണ്. 
അഭയാര്‍ഥികളെ ക്യാമ്പുകളിലേക്ക് തിരിച്ചയച്ചു. പോലീസിനു ലഭിച്ച വിവരം അനുസരിച്ചാണ് ബസ് തടഞ്ഞത്. (mathrubhumi)

No comments:

Post a Comment