Sunday, September 26, 2010

അഴിമതി നമ്മുടെ ശാപം

അഴിമതിക്കാര്‍ വാഴുന്ന വിജിലന്‍സ്‌‍; ശിക്ഷിക്കപ്പെട്ടവരും സ്‌ഥാനങ്ങളില്‍‍
തൃശൂര്‍: സംസ്‌ഥാന വിജിലന്‍സ്‌ വകുപ്പിന്റെ താക്കോല്‍ സ്‌ഥാനങ്ങളില്‍ അഴിമതിക്കാര്‍ വാഴുന്നു. അഴിമതി-ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ഇവരില്‍ പെടും.

യുവ അബ്‌കാരി മുന്ന കൊലക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്നെന്ന്‌ ആരോപണമുള്ള ഉദ്യോഗസ്‌ഥനെ വിജിലന്‍സില്‍ ഉന്നത പദവിയില്‍ നിയമിച്ചതിനു പിന്നില്‍ മലബാര്‍ സിമന്റ്‌സിലെ അഴിമതികളെക്കുറിച്ച്‌ വിജിലന്‍സ്‌ നടത്തുന്ന അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്‌.

തിരുവനന്തപുരത്ത്‌ വിജിലന്‍സ്‌ വകുപ്പിലുള്ള മൂന്ന്‌ എസ്‌.പിമാരില്‍ രണ്ടുപേര്‍ വകുപ്പുതലത്തില്‍ ശിക്ഷിക്കപ്പെട്ടവരാണ്‌.

ഇവരില്‍ ഒരാള്‍ കണ്ണൂരില്‍ ഡിവൈ.എസ്‌.പിയായിരിക്കെ രണ്ടു സ്‌ത്രീപീഡനക്കേസുകളില്‍ പ്രതിയായി. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന്‌ ഒരു കേസ്‌ പിന്‍വലിച്ചെങ്കിലും രണ്ടാമത്തെ കേസ്‌ തുടര്‍ന്നു. വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈ.എസ്‌.പിയെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായി തരംതാഴ്‌ത്തി. ഉന്നത രാഷ്‌ട്രീയ ഇടപെടലിലൂടെ ഇയാള്‍, ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ ഡി.വൈ.എസ്‌.പി. പദവിയില്‍ തിരികെയെത്തി. പിന്നീട്‌ വിജിലന്‍സ്‌ എസ്‌.പിയായി തലസ്‌ഥാനത്ത്‌ തുടര്‍ന്നു. രണ്ടാമന്‍ വയനാട്ടില്‍ ഡിവൈ.എസ്‌.പിയായിരിക്കെ മദ്യപിച്ച്‌ വാഹനമോടിച്ച്‌ വൃദ്ധനെ പരുക്കേല്‍പിച്ചതിന്‌ ശിക്ഷ ഏറ്റുവാങ്ങിയയാളാണ്‌. പോലീസ്‌ അക്കാദമി ഡയറക്‌ടറായ ഡി.ഐ.ജി. ജോസ്‌ ജോര്‍ജാണ്‌ അന്വേഷണം നടത്തി സസ്‌പെന്‍ഷന്‍ ശിപാര്‍ശ ചെയ്‌തത്‌. കോട്ടയത്ത്‌ വിജിലന്‍സിലുള്ള ഉദ്യോഗസ്‌ഥന്‍ പൊന്‍കുന്നം സി.ഐ. ആയിരിക്കെ കാഞ്ഞിരപ്പള്ളിയില്‍നിന്നു മരം വെട്ടി വിറ്റതിനു കൂട്ടു നിന്നതിനു ശിക്ഷ ഏറ്റുവാങ്ങിയതാണ്‌. എറണാകുളം വിജിലന്‍സിലുള്ള ഉന്നതന്‍, പാസ്‌റ്റര്‍ ക്രിസ്‌തുദാസ്‌ കൊലക്കേസിലെ പ്രതിയായിരുന്നു. കേരള പോലീസ്‌ അക്കാദമിയില്‍ തോക്കു മോഷണം പോയ കേസിലും ഇദ്ദേഹം ആരോപണ വിധേയനായിരുന്നു.

സംസ്‌ഥാനത്തെ വിജിലന്‍സ്‌ വകുപ്പിലുള്ളവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങിയവരാണെന്നു പോലീസ്‌ വകുപ്പുകാര്‍ തന്നെ സമ്മതിക്കുന്നു. വിജിലന്‍സ്‌ കേസുകളില്‍ കുടുങ്ങുന്ന സ്വന്തക്കാരെ രക്ഷിക്കാനുള്ള കുത്സിതനീക്കമായാണു ശിക്ഷാനടപടി ഏറ്റുവാങ്ങിയ ഉദ്യോഗസ്‌ഥരെ തെരഞ്ഞു പിടിച്ച്‌ വിജിലന്‍സില്‍ നിയമിക്കുന്നതിനെ പോലീസിലെ ഒരു വിഭാഗം കാണുന്നത്‌.

ഔദ്യോഗിക സ്‌ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ജയിലിലടയ്‌ക്കുന്നതിനായി നിയോഗിക്കപ്പെട്ട വിജിലന്‍സ്‌ വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ തന്നെ അഴിമതിക്കേസില്‍ ശിക്ഷ വാങ്ങിയവരാണെന്നതു വിചിത്രമാണ്‌.

സംസ്‌ഥാനത്ത്‌ സ്വതന്ത്ര വിജിലന്‍സ്‌ വകുപ്പ്‌ രൂപീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ രണ്ടുവര്‍ഷം മുമ്പ്‌ ഉറപ്പു നല്‍കിയിരുന്നു. ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ ചെയര്‍മാനും മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.എന്‍. ജയചന്ദ്രന്‍, മുന്‍ ഡി.ജി.പി. യും വിജിലന്‍സ്‌ ഡയറക്‌ടറുമായിരുന്ന രാജഗോപാലന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്‌ഥാന പോലീസ്‌ നിയമപരിഷ്‌കരണ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്വതന്ത്ര വിജിലന്‍സ്‌ രൂപീകരിക്കുമെന്ന്‌ മന്ത്രി ഉറപ്പു നല്‍കിയത്‌.

ഇങ്ങനെ രൂപീകരിക്കപ്പെടുന്ന സ്വതന്ത്രവിജിലന്‍സില്‍ പകുതിയോളം പേരെ നേരിട്ടു നിയമിക്കണമെന്നും ബാക്കിയുള്ളവരെ കഴിവും സേവനചരിത്രവും പരിഗണിച്ച്‌ പോലീസ്‌ സേനയില്‍നിന്നും ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നുമായിരുന്നു കെ.ടി. തോമസ്‌ കമ്മിഷന്റെ നിര്‍ദേശം. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറന്നു. രക്ഷിക്കാന്‍ 'നല്ല നടപ്പ്‌' ശിക്ഷ ഏറ്റുവാങ്ങിയ സ്വന്തക്കാര്‍ക്ക്‌ വിജിലന്‍സില്‍ തന്ത്രപ്രധാന തസ്‌തിക നല്‍കുകയാണ്‌ അധികൃതര്‍.
ജോയ്‌ എം. മണ്ണൂര്‍ (a mangalam report)

No comments:

Post a Comment