Wednesday, September 22, 2010

തെര. പ്രചാരണത്തിന്‌ ഫ്‌ളെക്‌സ് പാടില്ല
തിരുവനന്തപുരം: ഫ്‌ളെക്‌സുകള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന ഫ്‌ളെക്‌സ് നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തള്ളി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ്‌ ഫ്‌ളെക്‌സ്, പ്ലാസ്‌റ്റിക്‌ എന്നിവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം പുന:പരിശോധിക്കില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്‌തമാക്കിയത്‌.

ഫ്‌ളെക്‌സ് പൂര്‍ണമായും മണ്ണിലലിയുന്ന വസ്‌തുവാണെന്നായിരുന്നു സംഘടനയുടെ വാദം.

ഫ്‌ളെക്‌സ് ഒരിനം പ്ലാസ്‌റ്റിക്‌ ആണെന്നും അവ നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിവിനൈല്‍ ക്ലോറൈഡ്‌ മണ്ണില്‍ ലയിക്കില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അറിയിച്ചു. ഓര്‍ഗാനിക്‌ വസ്‌തുവിനൊപ്പം ക്ലോറിനും അടങ്ങിയിരിക്കുന്നതിനാല്‍ അവ കത്തുമ്പോള്‍ വിഷവാതകങ്ങളായ ഡയോക്‌സില്‍, ഫ്യൂറാന്‍ എന്നിവ ബഹിര്‍ഗമിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. ഫ്‌ളക്‌സിനു പകരം സിന്തറ്റിക്‌ ഫൈബര്‍ നിര്‍മ്മിത വസ്‌തു ഉപയോഗിക്കാനുള്ള നിര്‍ദ്ദേശവും തത്‌കാലം നടപ്പാക്കേണ്ടെന്നു ബോര്‍ഡ്‌ ശിപാര്‍ശ ചെയ്‌തു. ഇതു സംബന്ധിച്ച്‌ എറണാകുളം സ്വദേശി കെ.ടി. ബൈജു നല്‍കിയ അപേക്ഷയും ബോര്‍ഡിന്റെ അഭിപ്രായത്തിനായി കമ്മിഷന്‍ വിട്ടിരുന്നു. ലാബ്‌ പരിശോധനാഫലം ലഭിച്ചശേഷം ഇക്കാര്യത്തില്‍ കമ്മിഷന്‍ അന്തിമ തീരുമാനം എടുക്കും. (mangalam)

No comments:

Post a Comment