Wednesday, September 22, 2010

കശ്മീര്‍: പന്ത് വീണ്ടും കേന്ദ്രത്തിന്റെ കോര്‍ട്ടില്‍
Posted on: 23 Sep 2010

പ്രവീണ്‍കൃഷ്ണന്‍


ന്യൂഡല്‍ഹി: സര്‍വകക്ഷിസംഘത്തിന്റെ സന്ദര്‍ശനം കഴിഞ്ഞതോടെ കശ്മീര്‍ പ്രശ്‌നത്തില്‍ പന്ത് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ കോര്‍ട്ടിലായി. സര്‍വകക്ഷി സംഘം നടത്തിയ കൂടിക്കാഴ്ചകളിലെ പ്രതികരണം കൂടി കണക്കിലെടുത്ത് കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിന് താമസിയാതെ ചില നടപടികളെങ്കിലും പ്രഖ്യാപിക്കേണ്ടിവരും. വിഘടനവാദികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തിലുണ്ടായ അഭിപ്രായഭിന്നത സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്.

നടപടികള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ ഉപസമിതി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് അറിയുന്നത്. സര്‍വകക്ഷി സംഘത്തിന് നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രി പി. ചിദംബരം സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

മൂന്ന് കാര്യങ്ങളിലാണ് കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കേണ്ടിവരിക. വിവാദമായ സായുധസേനാ പ്രത്യേകാധികാരനിയമം, പ്രത്യേക സാമ്പത്തികപാക്കേജ്, സ്വയംഭരണം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം എന്നിവയാണവ. ഇവയില്‍ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാറിന് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല. എന്നാല്‍, സായുധസേനാ പ്രത്യേകാധികാരനിയമം ഭേദഗതി ചെയ്യുകയോ, പിന്‍വലിക്കുകയോ ചെയ്യുക എളുപ്പമാവില്ല. സൈനികനേതൃത്വവും പ്രതിരോധമന്ത്രാലയവും നിയമം പിന്‍വലിക്കുന്നതിനെ എതിര്‍ക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരാണ്.

അതേസമയം, ഈ നിയമം കശ്മീരില്‍ വൈകാരികപ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ ഭാവിയില്‍ മയപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും പോംവഴി കേന്ദ്രത്തിന് കണ്ടെത്തേണ്ടിവരും.

സ്വയംഭരണം സംബന്ധിച്ച ആവശ്യങ്ങളാണ് മറ്റൊരു കീറാമുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലും ഭിന്നതയും വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ സ്വയംഭരണാധികാരം വേണമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആവശ്യം.

ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മടിയില്ലെന്ന് ആഭ്യന്തരമന്ത്രി ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വിഘടനവാദികള്‍ ആവശ്യപ്പെടുന്ന പ്രകാരമുള്ള ഹിതപരിശോധന സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. ഈ ആവശ്യത്തിലും കേന്ദ്രത്തിന് വ്യക്തമായ നിലപാട് കൈക്കൊള്ളേണ്ടിവരും. (mathrubhumi)

No comments:

Post a Comment