Thursday, September 2, 2010

Environment --- Mangroves Ecosystem.

കണ്ടല്‍ കണ്ടതിനപ്പുറം
Posted on: 30 Aug 2010
-ടി. സുരേഷ്ബാബു


കേരളത്തില്‍ കാണുന്ന 22 ഇനം കണ്ടല്‍ച്ചെടികളും വിവിധതരം പക്ഷികളും മീനുകളുമുള്ള കണ്ടല്‍ക്കാട് കണ്ണൂരിലെ ഏഴോം പഞ്ചായത്തിലെ നെരങ്ങിന്റെ മാട്ടില്‍. കമ്യൂണിറ്റി റിസര്‍വാക്കാന്‍ പറ്റിയ സ്ഥലം. ആ കണ്ടല്‍ക്കാട്ടിലൂടെ കല്ലേന്‍ പൊക്കുടനുമൊത്ത് ഒരു യാത്ര



മഴ മാറിനിന്ന ഒരു പകല്‍. കണ്ണൂര്‍ പഴയങ്ങാടി മുട്ടുകണ്ടിയിലെ പൊക്കുടന്റെ വീട്ടിലാണിപ്പോള്‍ ഞങ്ങള്‍. ''അവശേഷിക്കുന്ന കാടിന്റെ പച്ചപ്പും ചതുപ്പിന്റെ മണവും ഉപ്പുകാറ്റുമാണ് എനിക്ക് ജീവിതം'' -എന്ന് വിനയത്തോടെ പറയുന്ന പൊക്കുടനുമായി ഒന്നു സംസാരിക്കണം. അദ്ദേഹത്തിന്റെ മനസ്സിലുള്ള സ്വപ്നപദ്ധതിക്കായി കണ്ടുവെച്ച കണ്ടല്‍ക്കാടും കാണണം. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിക്കുന്ന പൊക്കന്‍ എന്ന കല്ലേന്‍ പൊക്കുടന് ഒരാഗ്രഹം ബാക്കിയുണ്ട്. കണ്ടലുകളെ സംരക്ഷിക്കാന്‍ കണ്ണൂരില്‍ ഒരു കമ്യൂണിറ്റി റിസര്‍വുണ്ടാകണം. പരിസ്ഥിതി സ്‌നേഹികളും വിദ്യാര്‍ഥികളും ആ ജനാരണ്യത്തിലെത്തണം. തീരം കാക്കുന്ന കണ്ടലുകളെപ്പറ്റി അവര്‍ മനസ്സിലാക്കണം. പഠിക്കണം. അതിനായി കണ്ടുവെച്ചതാണീ കണ്ടല്‍ക്കാട്.

പുഴയോരത്തെ കൈപ്പാട് നിലങ്ങളിലൂടെ കണ്ടല്‍ക്കാട് തേടിയുള്ള യാത്ര തുടങ്ങുകയാണ്. ഇടക്കീല്‍ത്തറയിലെത്തിയപ്പോള്‍ പൊക്കുടന്‍ ഒന്നു നിന്നു. ഇടതുഭാഗത്തേക്ക് വിരല്‍ ചൂണ്ടി. അവിടത്തെ കുനിയിലാണ് (വയലില്‍ നാലുഭാഗത്തു നിന്നും മണ്ണ് കൂനിക്കുട്ടിയുണ്ടാക്കുന്ന ചെറിയ തറയാണ് കുനി) പൊക്കുടന്‍ ജനിച്ചത്. ആ കുനിയിലെ ഒരു ചാളയില്‍. ഇന്നവിടെ ഒന്നും കാണാനില്ല. ആകെ കാടുപിടിച്ചു കിടക്കുന്നു. ആ പ്രദേശത്ത് മുമ്പ് പൊക്കുടന്റേതടക്കം 60 ദളിത് കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോഴാരുമില്ല. എല്ലാവരും അവിടം വിട്ടു.

മുണ്ട് മടക്കിക്കുത്തി പൊക്കുടന്‍ വെള്ളത്തിലേക്കിറങ്ങി. ചുറ്റിലുമുള്ള ചുള്ളിക്കണ്ടലിനെ പരിചയപ്പെടുത്തിത്തന്ന് യാത്ര തുടര്‍ന്നു. മുട്ടോളം വെള്ളത്തിലൂടെ, ചെളിയിലൂടെ പുല്ലുകള്‍ വകഞ്ഞുമാറ്റി തെളിച്ചെടുക്കുന്ന വയല്‍ വഴികളിലൂടെ ഞങ്ങളുടെ യാത്ര നീണ്ടു. മൂന്നു മണിക്കൂര്‍ യാത്ര. കുപ്പം പുഴയുടെ ഇരുകരകളിലും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കണ്ടല്‍ക്കാടാണ് ലക്ഷ്യം. പ്രായത്തിന്റെ അവശത ഏല്‍ക്കാതെ 74-ാം വയസ്സിലും പൊക്കുടന്‍ ഉഷാറോടെ മുന്നിലുണ്ട്; കണ്ടലുകളെയും നീര്‍ത്തടങ്ങളെയും അവിടത്തെ ജീവജാലങ്ങളെയും കുറിച്ച് നിര്‍ത്താതെ സംസാരിച്ചുകൊണ്ട്. കണ്ടല്‍ക്കാട്ടിലെത്തും മുമ്പ്, കണ്ണെത്താദൂരത്ത് വളര്‍ന്നു നില്‍ക്കുന്ന ചതുരപ്പോട്ട കണ്ടു. കണ്ടല്‍ വര്‍ഗത്തില്‍പ്പെട്ടതാണീച്ചെടി. നല്ല പൊക്കമുണ്ട്. ചതുരാകൃതിയാണ് തണ്ടിന്. ഇതുപയോഗിച്ച് കൂരിയ, പായ എന്നിവയുണ്ടാക്കാം. ഒരുകാലത്ത് ദളിത് സ്ത്രീകളുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു ചതുരപ്പോട്ടകൊണ്ടുള്ള കുരിയമെടയല്‍.

ഏഴോം പഞ്ചായത്തിലെ നെരങ്ങിന്റെ മാട്, പുറത്തേക്കൈ എന്നിവിടങ്ങളിലാണ് സമൃദ്ധമായി കണ്ടല്‍ വളര്‍ന്ന് നില്‍ക്കുന്നത്. ചെറിയ ചെടി മുതല്‍ പടര്‍ന്നു കിടക്കുന്ന വന്‍മരങ്ങള്‍ വരെ ഇവിടെ കാണാം. കുപ്പം പുഴയുടെ ഇരുകരകളിലും പുഴയ്ക്കുനടുവിലെ തുരുത്തിലുമായി അവ വ്യാപിച്ചുകിടക്കുന്നു. സ്വകാര്യ ഭൂമിയും റവന്യൂഭൂമിയുമായി ഏതാണ്ട് 500 ഏക്കര്‍ വരും ഈ കണ്ടല്‍ക്കാടെന്ന് പൊക്കുടന്‍ പറയുന്നു. കണ്ണൂരില്‍ നിന്ന് ഏതാണ്ട് 25 കി.മീ ദൂരമുണ്ട് ഇവിടേക്ക്. ശാന്തമായ സ്ഥലം. പലതരം പക്ഷികളും മീനുകളും ഞണ്ടും പാമ്പുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന ഇടം. കണ്ടലിനെ അടുത്തറിയാന്‍ ഇവിടേക്ക് വരണമെന്നാണ് പൊക്കുടന്‍ പറയുന്നത്.

പൊക്കുടന്റെ നിരീക്ഷണത്തില്‍ കേരളത്തില്‍ 22 ഇനം കണ്ടലുകളുണ്ട്. (ഇന്ത്യയില്‍ ആകെ 59 തരം കണ്ടല്‍ച്ചെടികളാണുള്ളത്) ഈ 22 ഇനങ്ങളും ഉണ്ടെങ്കിലേ ആ സ്ഥലത്തെ കണ്ടല്‍ക്കാട് എന്ന് വിശേഷിപ്പിക്കാനാവൂ. പ്‌രാന്തന്‍ കണ്ടല്‍, ചുള്ളിക്കണ്ടല്‍, വള്ളിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, ചെറുകണ്ടല്‍, നല്ലകണ്ടല്‍, ചക്കരക്കണ്ടല്‍, ഉപ്പട്ടി, ചെറു ഉപ്പട്ടി, കണ്ണാമ്പൊട്ടി, കമ്പെട്ടി, ഓര്‍ക്കറുവ, അപ്പച്ചപ്പ് (രണ്ടുതരമുണ്ട് ഇവ), മച്ചിത്തോല്‍, ഉരുണിപ്പോട്ട, ചതുരപ്പോട്ട, പൂക്കണ്ടല്‍, ചായപ്പുല്ല് തടങ്ങിയവയാണ് കേരളത്തില്‍ കണ്ടുവരുന്ന കണ്ടല്‍ച്ചെടികള്‍. ഇവയെല്ലാം നെരങ്ങിന്റെ മാട്ടിലെ കണ്ടല്‍ക്കാട്ടിലുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഈ കണ്ടലുകളെ ഒരുമിച്ച് കാണാനാവില്ല. ഇത്രയധികം വ്യാപിച്ചുകിടക്കുന്ന കണ്ടല്‍ക്കാടും വേറെയില്ല. ഈ അപൂര്‍വത പ്രയോജനപ്പെടുത്തണമെന്നാണ് പൊക്കുടന്‍ പറയുന്നത്. ഭാവിതലമുറയ്ക്കുവേണ്ടി ഇവ സംരക്ഷിക്കണം.

കണ്ടിയപ്പന്‍ കൊച്ച തുടങ്ങിയ ഒട്ടേറെ പക്ഷികള്‍ ഈ കണ്ടല്‍ക്കാട്ടിലുണ്ട്. കണ്ടിയപ്പന്‍ കൊച്ചയ്ക്ക് ഒരു കുട്ടിയുടെ പൊക്കമുണ്ടാകും. ഏതാണ്ട് അഞ്ചുകിലോ വരും തൂക്കം. ചെമ്മീന്‍ ഉള്‍പ്പെടെ ഒട്ടേറെ മത്സ്യങ്ങളുടെയും മരഞണ്ട്, പച്ചഞണ്ട് പോലുള്ള ഞണ്ടുകളുടെയും ആവാസകേന്ദ്രമാണീ കണ്ടല്‍ക്കാട്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്. കണ്ടലുകളെയും ജീവജാലങ്ങളെയും അടുത്തു കാണാന്‍ കഴിയണം. അവയെപ്പറ്റി എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയണം-പൊക്കുടന്‍ പറയുന്നു.

ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിച്ചുകൊണ്ടുള്ള കണ്ടല്‍ സംരക്ഷണത്തിനോട് പൊക്കുടന്‍ എതിരാണ്. കണ്ടല്‍പ്പാര്‍ക്കല്ല, ഒരു കമ്യൂണിറ്റി റിസര്‍വാണ് പൊക്കുടന്റെ സ്വപ്നപദ്ധതി. ഇവിടെ മനുഷ്യനും പ്രകൃതിയും പ്രകൃതിസംരക്ഷണത്തിനായി കൈകോര്‍ക്കുന്നു. വനത്തിന്റെ സ്വഭാവമുള്ള ജനവാസകേന്ദ്രമാണ് കമ്യൂണിറ്റി റിസര്‍വ് കൊണ്ടുദ്ദേശിക്കുന്നത്. പക്ഷികളെയും ജലജീവികളെയും മറ്റും സംരക്ഷിച്ച് ജൈവ പ്രകൃതിയെ അതേപോലെ നിലനിര്‍ത്തുകയാണ് ഇത്തരം ജനാരണ്യത്തില്‍ ചെയ്യുന്നത്. കടലുണ്ടിപ്പുഴയുടെ തീരങ്ങളില്‍ കമ്യൂണിറ്റി റിസര്‍വ് പദ്ധതി നടപ്പാക്കുന്നുണ്ട്. 150 ഹെക്ടറിലാണീ ജനാരണ്യം.സ്വകാര്യ വ്യക്തികളെയോ സംഘടനകളെയോ കണ്ടല്‍ക്കാട് ഏല്പിക്കരുതെന്നാണ് പൊക്കുടന്റെ അഭിപ്രായം. സര്‍ക്കാറും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഈ ദൗത്യം ഏറ്റെുടുക്കണം. കേന്ദ്രപരിസ്ഥിതി വകുപ്പിനും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാവുന്നതാണെന്ന് പൊക്കുടന്‍ പറയുന്നു.  (mathrubhumi)

No comments:

Post a Comment