മൂത്രം നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ആസ്‌പത്രിയില്‍ വിദഗ്ധ ചികിത്സ
Posted on: 23 Sep 2010
ചെന്നൈ: മൂത്രം സ്വയം നിയന്ത്രിക്കാനാവാതെ അടിക്കടി മൂത്രപ്പുരയിലേക്കോടുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. നാണംകൊണ്ട് ഈ പ്രശ്‌നം പുറത്തുപറയാതിരിക്കരുത്. ഉടനടി ഒരു ഡോക്ടറുടെ ചികിത്സ തേടുക. ഈപ്രശ്‌നവും പറഞ്ഞ് സ്വകാര്യ ആസ്‌പത്രിയില്‍ ഓടിച്ചെന്ന് ഭീമമായ തുക ചെലവഴിക്കേണ്ട. ചെന്നൈ ട്രിപ്ലിക്കേനിലുള്ള ഗവണ്മെന്റ് കസ്തൂര്‍ബാ ഗാന്ധി ഹോസ്പിറ്റല്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍(കെ.ജി.എച്ച്) രാജ്യത്തെ ഏറ്റവും മികച്ച ചികിത്സ നിങ്ങള്‍ക്ക് നല്കും.
മൂത്രം സ്വയം നിയന്ത്രിക്കാനാവാത്ത സ്ത്രീകള്‍ക്ക് കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ വിദഗ്ധ ചികിത്സയുണ്ട്. ശസ്ത്രക്രിയയിലൂടെ ഈ രോഗം പൂര്‍ണമായിഭേദപ്പെടുത്താമെന്ന് കെ.ജി.എച്ചിലെ യൂറോ ഗൈനക്കോളജി വിഭാഗം മേധവി പ്രൊഫ. എന്‍.രാജമഹേശ്വരി പറയുന്നു.
മൂത്രസംബന്ധിയായ ഈ രോഗമുള്ള നിരവധി പേര്‍ക്ക് ഇവിടെ ശസ്ത്രക്രിയ നടത്തി വിജയം കൈവരിച്ചതായും അവര്‍ വ്യക്തമാക്കി. സ്വകാര്യ ആസ്പത്രികളില്‍ നിന്നും ശസ്ത്രക്രിയ നടത്തി പിന്നീട് രോഗം മൂര്‍ച്ഛിച്ച് വീണ്ടും കെ.ജി.എച്ചില്‍ ചികിത്സതേടി സുഖപ്പെട്ടവരുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
നപ്രസവാനന്തരവും ഗര്‍ഭപാത്രം നീക്കംചെയ്യുമ്പോഴും അമിത മാനസിക സമ്മര്‍ദമുണ്ടാകുമ്പോഴുമാണ് മൂത്രം സ്വയം നിയന്ത്രിക്കാനാവാത്ത രോഗം സ്ത്രീകളില്‍ ഉടലെടുക്കുന്നത്.''34 വയസ്സില്‍ എനിക്ക് ഈ രോഗം വന്നു. ആദ്യം കുറേവര്‍ഷം പുറത്തുപറയാതെയിരുന്നു. ഒടുവില്‍ സ്വകാര്യ ആസ്‌പത്രിയില്‍ ശസ്ത്രക്രിയ നടത്തി. അസുഖം പിന്നീട് വര്‍ധിച്ചു. ഒടുവില്‍ കെ.ജി.എച്ചില്‍ എത്തി അസുഖം ഭേദപ്പെട്ടതിന്റെ ആശ്വാസത്തോടെ 62-കാരിയായ പൊള്ളാച്ചി സ്വദേശി പാപ്പമ്മ പറഞ്ഞു.
35 വയസ്സിനുമേല്‍ പ്രായമുള്ള 50 ശതമാനം സ്ത്രീകളിലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മൂത്രസംബന്ധിയായ പ്രശ്‌നമുണ്ടാകാറുണ്ടെന്ന് പ്രൊഫ. രാജമഹേശ്വേരി പറഞ്ഞു.
മൂത്രം സ്വയം നിയന്ത്രിക്കാനാവാത്ത സ്ത്രീകളുടെ രോഗത്തിന്റെ പഴക്കവും തീവ്രതയും അനുസരിച്ചാണ് കെ.ജി.എച്ചില്‍ ചികിത്സ. ഇവിടെ ഇതിനായി വിദഗ്ധരായ ഡോക്ടര്‍മാരുമുണ്ട്. ആദ്യഘട്ടത്തില്‍ വിവിധയിനം വ്യായാമമുറകള്‍. പിന്നീട് രോഗസ്ഥിതി വിലയിരുത്തി ശസ്ത്രക്രിയ നടത്തും. കെ.ജി.എച്ചില്‍ ഈ രോഗവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്താന്‍ വിദേശങ്ങളില്‍ നിന്നും ആളുകളെത്താറുണ്ടെന്നും രാജമഹേശ്വരി പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല ബ്രിട്ടന്‍, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കെ.ജി.എച്ച്. ഈ രംഗത്തുപ്രവര്‍ത്തിക്കുന്നതിനെ അഭിന്ദിച്ചിട്ടുണ്ട്.
മൂത്രം സ്വയം നിയന്ത്രിക്കാനാവാത്ത സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വിഷയമാക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ബുധനാഴ്ച കെ.ജി.എച്ചില്‍ ബോധവത്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു. മദ്രാസ് മെഡിക്കല്‍ കോളേജ് ഡീന്‍ പ്രൊഫ. ജെ.മോഹനസുന്ദരം, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ.വി.കനകസഭൈ, കെ.ജി.എച്ചിലെ സോഷ്യല്‍ ഒബ്‌സ്‌റ്റെട്രിക്‌സ് ഡയറക്ടര്‍ പ്രൊഫ. മോഹനാംബാള്‍ എന്നിവര്‍ പങ്കെടുത്തു.
ഇത്തരം ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് കെ.ജി.എച്ച് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി താഴെപറയുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. 044-28513150. (mathrubhumi)
No comments:
Post a Comment